SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

മാളവനയിലെ ചരിത്ര തറവാട് സ്മാരകമാക്കണമെന്ന് ആവശ്യം

pathinarukattu-

പറവൂർ: ചരിത്രകാരന്മാരായിരുന്ന ദിവാൻ പേഷ്കാർ പി. ശങ്കുണി മേനോൻ, മകൻ കെ.പി. പദ്മനാഭ മേനോൻ എന്നിവരുടെ സ്മാരകം പറവൂർ പുത്തൻവേലിക്കര മാളവനയിലെ നിർമ്മിക്കണമെന്ന് ആവശ്യവുമായി ഗ്രന്ഥശാലാ പ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മ. കേരളത്തിൽ നവീനരീതിയിൽ എഴുതപ്പെട്ട ആദ്യത്തെ ചരിത്ര പുസ്തകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവിതാംകൂർ ചരിത്രമെഴുതിയ പേഷ്കാർ പി. ശങ്കുണി മേനോൻ വീടായിരുന്നു മാളവനയിലെ കുറ്റിക്കാട്ട് മഠം പതിനാറുകെട്ടും പടിപ്പുരമാളികയും. രണ്ട് പതിറ്റാണ്ട് മുമ്പ് അനന്തരാവകാശികൾ വസ്തുവകകൾ വീതംവച്ചപ്പോൾ പൊളിച്ചുമാറ്റുകയും അഞ്ചേക്കർ സ്ഥലം അമ്പതിലധികം തുണ്ടുകളായി ഭാഗിച്ചു. അകത്തുണ്ടായിരുന്ന ഗണപതി അമ്പലം പുറത്ത് നിർമ്മിച്ചു. ശങ്കുണ്ണി മേനോനെ സംസ്കരിച്ച തെക്കേക്കുളം ശ്മശാനവുമാണ് ബാക്കിയുള്ളത്. ഇതൊക്കെ കാട് കയറി നശിക്കുകയാണ്. മുസരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം. രണ്ട് പിതറ്റാണ്ടുകൾക്ക് മുമ്പ് ശങ്കുണി മേനോന്റെ മകനായ കെ.പി. പദ്മനാഭ മേനോനാണ് കൊച്ചി രാജ്യചരിത്രവും കേരള ചരിത്രവും എഴുതിയത്. 1860 കളിൽ പൂർത്തിയായ പതിനാറ് കെട്ടിന്റെ പടിപ്പുര മാളിക 1924 ലെ വെള്ളപ്പൊക്കത്തിൽ തകർന്നു. ശങ്കുണിമേനോന് ശേഷം, അദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് എം.ജി. മേനോൻ ഇവിടെ താമസിച്ചിരുന്നത്. എം.എൽ.സി, പറവൂർ നഗരസഭാ ചെയർമാൻ, പുത്തൻവേലിക്കര വില്ലേജ് ജഡ്ജിയായും പ്രവർത്തിച്ചിട്ടുണ്ട്. 1925 ലെ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അനുകൂലിച്ച് എ.ജി. മേനോൻ വോട്ട് ചെയ്തിരുന്നു.

 ചരിത്രം തേടിയെത്തിയ ഇടം

ഒട്ടേറെ ചിത്രപണികളുള്ള തേക്കിൽ തീർത്ത മച്ചും വാതിലുകളും ഗോവണിയുമെല്ലാം ഈ വീടിന്റെ ആകർഷണമായിരുന്നു.

സപ്രമഞ്ച കട്ടിൽ, എഴുത്ത് മേശ, 101 തച്ച് കൊണ്ട് നിർമ്മിച്ച കട്ടിള എന്നിവ വീടിന്റെ പ്രത്യേകതകളായിരുന്നു. വീടിന്റെ നിർമ്മിതിക്ക് 70 കുറ്റി തേക്കും 30 കുറ്റി പ്ലാവും 1500 പണവും രാജാവ് അനുവദിക്കുകയുണ്ടായെന്ന് പി. ഭാസ്കരനുണിയുടെ പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം പറയുന്നു. വള്ളത്തോൾ, തകഴി, കേശവദേവ് തുടങ്ങി ഒട്ടേറെ പ്രമുഖർ ചരിത്രം തേടിയും മറ്റാവശ്യങ്ങൾക്കും ഇവിടെ എത്തിയിട്ടുണ്ട്.

ശങ്കുണിമേനോനെ സംസ്‌കരിച്ച ശ്മശാനഭൂമി കാട്കയറി അനാഥമായി കിടക്കുന്നു. ഈ ചരിത്ര വഴിത്താരകൾ സർക്കാർ ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിർമ്മിക്കണം.

വി.ആർ. സുഷിൽ കുമാർ.

ചെയർമാൻ,

ചരിത്ര സംരക്ഷണ സമിതി കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL