
ചോറ്റാനിക്കര: സമൂഹ മാദ്ധ്യമത്തിലെ ചെറു കൂട്ടായ്മ കർഷക സംഘമായി മാറിയപ്പോൾ ചോറ്റാനിക്കര അടിയാക്കൽ പാടത്ത് തരിശുകിടന്ന 16 ഏക്കറിൽ പൊന്നു വിളഞ്ഞു. 2016ൽ പരീക്ഷണമായി തുടങ്ങിയ കൃഷി ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ വളർന്നു. സഹായത്തിന് സമീപത്തെ രണ്ട് സ്കൂളുകളിലെ കുട്ടികളും.
ഇപ്പോൾ പച്ചക്കറി കൃഷിയും വാഴക്കൃഷിയുമുണ്ട് സിനിമ - സീരിയൽ നടനും വക്കീലുമായ ജോർജ് കുര്യനും കൂട്ടുകാരും ചേർന്ന സംഘത്തിന്.
പരീക്ഷണ കൃഷി വിജയമായതോടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി. അന്ന് കർഷകർക്ക് ആവശ്യമുള്ള നെല്ല് എടുത്തതിനുശേഷം ബാക്കി സപ്ലൈകോയ്ക്ക് നൽകി. ഐ.ആർ 5 ഇനം നെല്ല് വിതച്ച് ചാണകവും പിണ്ണാക്കും ശർക്കരയും ചേർത്ത് ജീവാമൃതം തയ്യാറാക്കി കീടനാശിനി പ്രയോഗം നടത്താതെയായിരുന്നു നൂറുമേനി വിളയിച്ചത്.
ബോധവത്കരണത്തിന് ഓട്ടമത്സരം
വരും തലമുറയെ കൃഷി പഠിപ്പിക്കാൻ സമീപത്തുള്ള വെണ്ണിക്കുളം സ്കൂളിലെയും ഭിന്നശേഷിക്കാരുടെ വിദ്യാലയമായ ഫെയ്ത് ഇന്ത്യയിലെ കുട്ടികളെയും കൂട്ടിയായിരുന്നു പിന്നീട് ഉള്ള കൃഷി. വരമ്പ് വെട്ടൽ തൊട്ട് നിലമൊരുക്കലും വിതയുമെല്ലാം കുട്ടിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ.
ആഘോഷത്തോടെയായിരുന്നു പിന്നീടുള്ള കൊയ്ത്ത്. പാടത്തെ ചെളിയിൽ വടംവലി മത്സരവും ഓട്ട മത്സരം സംഘടിപ്പിച്ചു കൃഷിയുടെ ആവശ്യകത നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി.
ഇവർക്ക് വേണ്ട ഉപദേശങ്ങൾ നൽകുവാൻ തിരുവാണിയൂർ കൃഷി ഓഫീസർ സ്മിനി, അസിസ്റ്റന്റ് കൃഷി ഓഫീസർ വിനോദ്, ലൗലി, വാർഡ് മെമ്പർ മനു എന്നിവരും സദാസമയം കൂടെയുണ്ട്. സുജിത്ത് പോൾ, പോൾസൺ പീറ്റർ, മനോജ് കാരക്കാട്ടിൽ, യോഹന്നാൻ കെ പി, അജയ് മുരളി, ശശി സി.പി, എബ്രഹാം ജോർജ് എന്നിവരാണ് സംഘത്തിനു നേതൃത്വം നൽകുന്നത്.
90 ദിവസം മാത്രം മൂപ്പുള്ള അത്യുത്പാദനശേഷിയുള്ള കുഞ്ഞൂഞ്ഞ് എന്ന നെൽവിത്താണ് ഈ വർഷം വിതച്ചിട്ടുള്ളത്. ആഘോഷങ്ങളോടെ കൊയ്ത്ത് ഉത്സവം നടത്തും. വിളവെടുക്കുന്ന നെല്ല് അരിയാക്കി നാട്ടുകാർക്ക് വിതരണം ചെയ്യും
ജോർജ് കുര്യൻ
കർഷക സംഘത്തിന്റെ
നേതാവ്
16 ഏക്കർ നെൽക്കൃഷി
2 ഏക്കർ ഞാലിപ്പൂവൻ വാഴക്കൃഷി
ബാക്കി സ്ഥലത്ത് പച്ചക്കറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |