SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

ജീവിതം തകർക്കുന്ന ലഹരി വ്യാപാരം

lahari

തൃപ്പൂണിത്തുറ: തങ്ങളുടെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവത്തെക്കുറിച്ച് എഴുതാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട അദ്ധ്യാപകൻ മൂന്നു വിദ്യാർത്ഥിനികൾ എഴുതിയത് വായിച്ച് ഞെട്ടിപ്പോയി. തങ്ങൾ ചെറു പ്രായത്തിൽ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടികൾ എഴുതി നൽകി. അതും ലൈംഗിക ചൂഷണമായിരുന്നെന്ന് തിരിച്ചറിയാനാവാത്ത പ്രായത്തിൽ. അദ്ധ്യാപകൻ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ അറസ്റ്റിലായ മൂന്ന് യുവാക്കളും ലഹരിയുടെ അടിമകളാണെന്ന് കണ്ടെത്തി. നഗരത്തിലെ പ്രധാനപ്പെട്ട സ്കൂളിലായിരുന്നു സംഭവം. ലഹരിക്ക് അടിമകളായവർ പ്രതികളായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ 2 വർഷമായി രാത്രികാലങ്ങളിൽ ഇരുചക്ര വാഹന അപകടത്തിൽ മരണമടഞ്ഞ 36 പേരിൽ 90 ശതമാനവും ലഹരിക്ക് അടിമകളായിരുന്നെന്ന് പൊലീസ് പറയുന്നു. എൽ.എസ്.ഡി, എം.ഡി.എം.എ, ഷുഗർ ക്യൂബ്, കഞ്ചാവ് എന്നീ 4 ഐറ്റങ്ങളുമായി പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഒരു ദന്ത ഡോക്ടറെയാണ് ജനുവരിയിൽ പിടികൂടിയത്. പ്രൊഫഷനലുകളും അധിക വരുമാനത്തിനായി ലഹരി വില്പനയ്ക്കെത്തുന്നു.

വ്യാപകമായി അന്യ സംസ്ഥാനക്കാർ നടത്തുന്ന പുകയില ഉത്പ്പന്നങ്ങൾ വില്കുന്ന കടകളുടെ സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ചാക്കുകെട്ട് എക്സൈസ് ജീവനക്കാർ കഴിഞ്ഞ മാസം പിടിച്ചെടുത്തിരുന്നു.

ഓൺലൈൻ ഭക്ഷണ ശൃംഖലയുമായി ബന്ധപ്പെട്ട് ലഹരിക്കച്ചവടം തൃപ്പൂണിത്തുറയിൽ രാത്രിയിൽ വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. ലഹരിക്കെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് ആവശ്യം

റാലികൾ പലവിധം

ലഹരിയോട് വിടപറയൂ ജീവിതത്തെ തിരികെ പിടിക്കൂ എന്ന സന്ദേശമുയർത്തി കഴിഞ്ഞ വർഷം തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഡി.ഐ.ഒ, തൃപ്പൂണിത്തുറ നഗരസഭ എന്നിവയുടെ സഹകരണത്തോടെ അന്യസംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ ലഹരി വിരുദ്ധ റാലിയിൽ 75 ഓളം തൊഴിലാളികൾ പങ്കെടുത്തിരുന്നു. പക്ഷേ നാട്ടിലെ യുവജനങ്ങൾക്കായി ഇത്തരമൊരു റാലി സംഘടിപ്പിക്കുന്നില്ല. രാസലഹരിയിൽ ഉന്മത്തനായി ഉദയംപേരൂരിൽ മദ്ധ്യവയസ്കനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ലഹരി മാഫിയയുടെ 25 പേരടങ്ങുന്ന ഒരു സംഘം റാലി സംഘടിപ്പിച്ചിരുന്നു. ഈ സംഘാംഗങ്ങളെ എല്ലാം പൊലീസിന് നേരിട്ട് അറിയാമെങ്കിലും ഇവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല.


 പൂർണാനദി പുഴയോരത്ത് തമ്പടിക്കുന്നു

കമിതാക്കളുടെ കേന്ദ്രമായ പൂർണാനദി പുഴയോരത്ത് പകലും മാഫിയയിൽപ്പെട്ടവർ തമ്പടിക്കുന്നുണ്ട്. ഇരുട്ട് നിറഞ്ഞ അന്ധകാരത്തോടിന്റെ കിഴക്കു ഭാഗത്ത് തോടിന് ഇരുവശവും അർദ്ധരാത്രി കഴിഞ്ഞാൽ പെൺകുട്ടികളടക്കം

ലഹരിക്കായെത്തുന്നുണ്ട്. പാമ്പാടിത്താഴത്ത് ഇരുട്ടായാൽ ഒത്തുകൂടാൻ ഇത്തരം അനവധി സ്ഥലങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL