SignIn
Kerala Kaumudi Online
Friday, 23 October 2026 7.02 AM IST

 കീഴ്മാട് കുടുംബശ്രീ ലോൺ വിവാദം: അംഗങ്ങളറിയാതെ ലക്ഷങ്ങൾ അക്കൗണ്ടിൽ

kudumba

ആലുവ: വായ്പയ്ക്ക് അപേക്ഷിക്കാതെ തന്നെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയെത്തിയതിന്റെ ഞെട്ടലിലാണ് കീഴ്മാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ. സെൻട്രൽ ബാങ്കിന്റെ ജി.ടി.എൻ ശാഖയിൽ നിന്നുമാണ് പഞ്ചായത്തിലെ 11 കുടുംബശ്രീ യൂണിറ്റുകളിലാണ് ഒരാഴ്ചക്കിടെ ഒരു കോടിയിലേറെ രൂപ എത്തിയത്. സംഭവം വിവാദമായതോടെ വായ്പകളുടെ എണ്ണം തികക്കാൻ താത്കാലികമായി പണം നിക്ഷേപിച്ചതാണെന്നും അടുത്ത ദിവസം ബാങ്ക് തന്നെ പണം നേരിട്ട് പിൻവലിക്കുമെന്നും അധികൃതർ അറിയിച്ചു.

അക്കൗണ്ടിൽ പണം എത്തിയതിന്റെ സന്ദേശം ഫോണിൽ വന്നപ്പോഴാണ് അംഗങ്ങൾ വിവരമറി‌ഞ്ഞത്. 12 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതിനെ തുടർന്നാണ് മൂന്നാം വാർഡ് കീരംക്കുന്ന് അൽ അമീൻ കുടുംബ യൂണിറ്റ് അംഗങ്ങൾ സി.ഡി.എസ് ചെയർപേഴ്സനെ വിവരം അറിയിച്ചത്.

പത്താം വാർഡിൽപ്പെട്ട ചെെതന്യ, നവോദയ കുടുംബ യൂണിറ്റുകളും പണമെത്തിയതായി പരാതിയുമായെത്തി. തുടർന്നുള്ള പരിശോധനയിലാണ് 11 യൂണിറ്റുകളിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

 ടാർജറ്റ് കുറഞ്ഞതോടെ കുറുക്കുവഴി

ജി.ടി.എൻ ടെക്സ്റ്റൈത്സ് പ്രവർത്തനം നിലച്ചതിനാൽ ബാങ്കിൽ ബിസിനസ് കുറഞ്ഞെന്നും ടാർജറ്റ് പൂർത്തീകരിക്കുന്നതിനാണ് കുടുംബശ്രീ യൂണിറ്റുകൾ അറിയാതെ വായ്പ ഇനത്തിൽ പണം അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. അംഗങ്ങൾ പ്രകോപിതരായതോടെ ഉത്തരേന്ത്യക്കാരനായ ബാങ്ക് മാനേജർ കരച്ചിലിലായി. കഴി‌ഞ്ഞ നവംബറിലും സമാനമായ സാമ്പത്തിക തിരിമറി നടന്നതായി പറയുന്നുണ്ട്.

 പ്രശ്നമുണ്ടാകില്ലെന്ന് ഉറപ്പ്

പണം നിക്ഷേപിച്ചതിന്റെയും പിൻവലിച്ചതിന്റെയും പേരിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. എന്നാൽ രേഖാമൂലം ഉറപ്പ് നൽകണമെന്ന ആവശ്യം അംഗീകരിച്ചു. മാനേജർ ഉത്തരേന്ത്യക്കാരനായതിനാൽ മലയാളം അറിയാവുന്ന അസി. മാനേജരാണ് കുടുംബശ്രീ അംഗങ്ങളുടെ പരാതി കേട്ടത്.

സി.ഡി.എസ് ചെയർപേഴ്സനും സി.ഡി.എസും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് സാമ്പത്തിക തിരിമറി നടത്തുന്നത്. പഞ്ചായത്ത് അധികാരികൾ വിഷയത്തിൽ ഇടപെടാതെ കണ്ണടച്ചിരിക്കുകയാണ്

രാജീവ് കൾച്ചറൽ ഫോറം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KUDUMBASREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL