
കൊച്ചി: വ്യാപകമായ മഞ്ഞപ്പിത്ത ബാധയ്ക്കും ഡെങ്കിപ്പനിക്കും പിന്നാലെ കളമശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്‌ക ജ്വരവും ബാധിച്ചതോടെ ജില്ലയാകെ പനിപ്പേടിയിൽ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായാണ് കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മാർച്ച് നാല് മുതൽ 10വരെയുള്ള ഏഴ് ദിവസങ്ങളിലായി 1,237 പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത്. 44 പേരും അഡ്മിറ്റായി. മാർച്ച് 10 ന് 367 പേർക്ക് പനിയുണ്ടായി. 54പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയതിൽ 14പേർക്കും സ്ഥിരീകരിച്ചു. നാല് പേർക്ക് എലിപ്പനിയും ബാധിച്ചു.
കളമശേരിയിലേതിനു പുറമേ ഏഴ് ദിവസങ്ങളിലായി 44 പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്തു. മാർച്ച് ഏഴിന് മൂന്ന് പേർക്ക് എലിപ്പനിയും 20 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു.
മസ്തിഷ്‌ക ജ്വരം: റിപ്പോർട്ട്
തേടി വിദ്യാഭ്യാസ വകുപ്പ്
കളമശ്ശേരി സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് കുട്ടികൾക്ക് മസ്തിഷ്‌ക ജ്വരം ബാധിക്കുകയും രണ്ടു കുട്ടികളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടറുടെ നിർദ്ദേശ പ്രകാരം ആലുവ എ.ഇ.ഒ സനുജ എ. ഷംസുവിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ പരിശോധിച്ചു. 24 മണിക്കൂറിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
ആരോഗ്യ വിഭാഗം പരിശോധന
കളമശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലും സ്‌കൂളിൽ പരിശോധന നടത്തി. കുടിവെള്ളത്തിന്റെയും മറ്റും പ്രാഥമിക പരിശോധന നടത്തിയതിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ് കേരളകൗമുദിയോട് പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകകൾക്ക് ഒരാഴ്ചത്തേക്ക് അവധി നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൂന്ന് കുട്ടികളും രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. മറ്റ് രണ്ടു പേരിൽ ഒരാൾ ഒന്നാം ക്ലാസിലും ഒരാൾ രണ്ടാം ക്ലാസിലുമാണ്.
കണക്കില്ല
കരുമാലൂർ പഞ്ചായത്തിലെ വെളിയത്തുനാട്ടിൽ രണ്ടു മാസത്തിനിടെ 20 ലേറെ പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചെന്നാണ് വിവരം. വെളിയത്തു നാട്ടിലെ വെൽഫെയർ ട്രസ്റ്റിലെ അന്തേവാസികൾക്കും രോഗം ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ കൃത്യമായ കണക്ക് ആരോഗ്യവകുപ്പിന്റെ പക്കലില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |