
കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതിയുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ.പി.പി.ബി). മത്സ്യഫെഡിന്റെ പദ്ധതി ഐ.പി.പി.ബിയാണ് നടപ്പിലാക്കുന്നത്.
10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. ഇൻഷ്വറൻസ് പ്രീമിയം തുക അടുത്തുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തിൽ അടച്ച് അംഗമാകാം.
അപകടമരണത്തിനും അപകടംമൂലം പൂർണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടത്തിൽ ഭാഗികമായ അംഗവൈകല്യം സംഭവിച്ച് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്യുന്നവർക്ക് അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപ വരെയും അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ യഥാർത്ഥ ആശുപത്രി ചെലവായി പരമാവധി ഒരു ലക്ഷം രൂപ വരെ ചികിത്സാ ചെലവിനത്തിലും ലഭിക്കും. അപകട മരണം സംഭവിക്കുകയാണെങ്കിൽ മൃതദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കുന്നതിന് ആംബുലൻസ് ചാർജ്ജായി 5,000 രൂപ വരെയും മരണാനന്തര ചെലവുകൾക്കായി 5,000 രൂപയും ലഭിക്കും.
മക്കളുടെ പഠനച്ചെലവ്
മരിച്ച മത്സ്യത്തൊഴിലാളിക്ക് 25 വയസിന് താഴെ പ്രായമുള്ള മക്കളുണ്ടെങ്കിൽ പഠനച്ചെലവിനായി ഒരുലക്ഷം രൂപ വരെ കുടുംബത്തിന് ധനസഹായമായി ഒറ്റത്തവണ നൽകും.
മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്കും സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങൾക്കും സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടില്ലാത്തവർക്ക് താത്കാലിക അംഗത്വമെടുത്തും പദ്ധതിയിൽ ചേരാം. 18 നും 70നും മദ്ധ്യേ പ്രായമുള്ളവർക്ക് ചേരാനാകും.
മാർച്ച് 24നകം നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |