
കൊച്ചി: കയർബോർഡിലെ സെക്ഷൻ ഓഫീസറായിരുന്ന വെണ്ണല ചളിക്കവട്ടം പയ്യപ്പള്ളി വീട്ടിൽ ജോളി മധു (56) മരിച്ച സംഭവത്തിൽ രണ്ടു സ്വതന്ത്ര സമിതികളുടെ അന്വേഷണത്തിന് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം നടപടി ആരംഭിച്ചു.
ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ കീഴിൽ മന്ത്രാലയത്തിൽ അന്വേഷണത്തിന് സ്വതന്ത്ര സമിതി രൂപീകരിച്ചു. കയർ ബോർഡിലെ സാമ്പത്തിക ഇടപാടുകളുടെ സമഗ്രമായ അന്വേഷണത്തിന് മുതിർന്ന കേന്ദ്ര ധനകാര്യ ഉദ്യോഗസ്ഥന്റെ കീഴിൽ മറ്റൊരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇരു സമിതികളും വേഗത്തിൽ അന്വേഷണം പൂർത്തീകരിക്കാനാണ് നിർദ്ദേശം.
വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെ ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പിക്ക് നൽകിയ മറുപടിയിലാണ് വിവരങ്ങളുള്ളത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് എം.പി കേന്ദ്രത്തെ സമീപിച്ചത്. കയർബോർഡിലെ സാമ്പത്തിക ക്രമക്കേട് ഫെബ്രുവരി 16ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.
ജോളി മരിച്ച വിവരങ്ങളും കയർ ബോർഡിനെതിരായ സാമ്പത്തിക ക്രമക്കേടുൾപ്പെടെയുള്ള ആരോപണങ്ങളും മന്ത്രാലയത്തിനു ലഭിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. കാൻസർ അതിജീവിതയും വിധവയുമായിരുന്ന ജോളി തന്റെ ദുരവസ്ഥയേക്കുറിച്ച് പരാതി എഴുതവേ വീട്ടിൽവച്ച് മസ്തിഷ്‌കാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 10ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
എം.പി മുന്നോട്ടുവച്ച ആവശ്യങ്ങൾ
1. കാൻസർ രോഗിയായിരുന്ന ജോളി മധുവിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടിവന്ന മാനസിക പീഡനം, ഭീഷണി, ബോർഡിലെ സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണം
2. കയർബോർഡ് മുൻ സെക്രട്ടറി ഇൻചാർജ് ആയിരുന്ന ജെ.കെ. ശുക്ലയെ കേസ് തീരുന്നത് വരെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിറുത്തണം.
3. ശുക്ലയെ എം.എസ്.എം.ഇ മന്ത്രായലത്തിലെ ഉപദേഷ്ടാവാക്കാനുള്ള തീരുമാനം അന്വേഷണം തീരുന്നത് വരെ ഉപേക്ഷിക്കണം.
പ്രഹസനമാകരുത്: കുടുംബം
ജോളിയുടെ മരണത്തിനു പിന്നാലെ കയർ ബോർഡ് ഡി.ഡി.ജി എച്ച്.ആർ ആൻഡ് കോ ഓർഡിനേറ്റർ കാജൽ ജെയിൻ, കെ.ഐ.വി.സി ഡയറക്ടർ അശോക് കുമാർ ശർമ്മ, വിജിലൻസ് ഡി.എസ്. അനിൽകുമാർ എന്നിവരുൾപ്പെട്ട മൂന്നംഗ സമിതി നടത്തിയ പ്രാഥമികാന്വേഷണം പോലെ പ്രഹസനമാകാതിരിക്കട്ടെ പുതിയ അന്വേഷണമെന്ന് ജോളി മധുവിന്റെ കുടുംബം കേരളകൗമുദിയോട് പ്രതികരിച്ചു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായിരുന്നു മുൻ അന്വേഷണമെന്ന് സഹോദരൻ പി.ജെ. എബ്രഹാം പറഞ്ഞു. മൂന്നര മണിക്കൂറുകളോളം തങ്ങളെ കേട്ട പ്രാഥമികാന്വേഷണ സംഘം ഒന്നും രേഖപ്പെടുത്തിയിരുന്നില്ല. അന്വേഷണം വസ്തുനിഷ്ഠമായിരിക്കണമെന്ന് മാത്രമാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |