
കൊച്ചി: ലഭിക്കേണ്ടത് 179 ലിറ്റർ. കിട്ടുന്നത് 30 ശതമാനത്തിൽ താഴെ. അതും എട്ടും ഒമ്പതും മാസങ്ങൾ ഇടവിട്ട് ! റേഷൻ മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ, ജില്ലയിൽ വള്ളങ്ങൾ പൂർണമായും പെട്രോളാക്കി മത്സ്യത്തൊഴിലാളികൾ. അർഹമായ മണ്ണെണ്ണ ലഭിക്കാതായതോടെയാണ് നടപടി.
ഇന്ധനം ലിറ്ററിന് 40 രൂപയിൽ അധികം മുടക്കേണ്ട അവസ്ഥയാണെങ്കിലും തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 20 വർഷം മുമ്പ് കേരളത്തിന് കേന്ദ്ര വിഹിതമായി 28,000 കിലോ ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. സർക്കാർ കണക്കിൽ 14,322 മണ്ണെണ്ണ എൻജിനുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു എൻജിന് വർഷം 2000 ലിറ്റർ വേണമെന്നിരിക്കെ ലഭിക്കുന്ന മണ്ണെണ്ണ 179 (40 എച്ച്.പി) ലിറ്റർ. ഇതിൽ 20 -30 ശതമാനം മാത്രമേ വിതരണം ചെയ്യുന്നുള്ളൂ.
'മൈലേജായിരുന്നു' മണ്ണെണ്ണ
പെട്രോളിൽ എൻജിൻ സ്റ്റാർട്ട് ചെയ്ത് പിന്നീട് ഇന്ധനം മണ്ണെണ്ണയാക്കും വിധമാണ് വള്ളങ്ങളിൽ എൻജിൻ പ്രവർത്തിപ്പിച്ചിരുന്നത്. പെട്രോളിലേക്ക് പൂർണമായും മാറിയതോടെ വള്ളത്തിന്റെ വേഗതകൂടി. പക്ഷേ മൈലേജ് കുറഞ്ഞു. മണ്ണെണ്ണയുമായി താരതമ്യം ചെയ്യുമ്പോൾ 30 കിലോമീറ്റർ കുറവാണ് വ്യത്യാസം.
ചെലവ് കൂടി
പെട്രോളിന് വില കൂടുതലായതിനാൽ മത്സ്യബന്ധനത്തിന് ചെലവേറി. കേരളാ തീരത്തെ അമിതമായ ചൂടുമൂലം മത്സ്യം തമിഴ്‌നാട് തീരങ്ങളിലേക്കു നീങ്ങിയെന്നാണ് വിലയിരുത്തൽ. താപനില 29 ഡിഗ്രിയിലും മേലെയായാൽ മത്തി നാടുവിടും. ആഴക്കടലിൽചെന്നു മത്തി പിടിക്കുന്നത് വള്ളക്കാർക്ക് ലാഭമാകില്ല. ഇപ്പോൾ ഇടവിട്ട് ചെറുമത്തി ലഭിക്കുന്നതാണ് നേരിയ അശ്വാസം.
ലഭിക്കുന്ന മണ്ണെണ്ണ വിഹിതം
സമ്പത്തിക വർഷം - വിഹിതം ( കിലോലിറ്റർ)
• 2018-19 - 12,000
• 2019-20 - 15,108
• 2020-21- 15,108
• 2021-22- 21,888
• 2022-23- 7,160
• 2023-24- 3,300
• 2024-25-1,248
( കേന്ദ്രസർക്കാർ വിഹിതം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |