
കൊച്ചി: പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്ന ഫ്ളാറ്റ് ഉടമകളടക്കമുള്ളവർക്ക് എതിരെ കർശനനടപടി വേണമെന്ന് ഹൈക്കോടതി. നോട്ടീസ് നൽകി പിഴ ചുമത്തുകയും മാലിന്യവുമായി വരുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും വേണം. നിയമലംഘകരുടെ വിശദാംശങ്ങൾ വാർത്താമാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
പേരണ്ടൂർ കനാലിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവിധ നടപടികളുടെ റിപ്പോർട്ടുകൾ കോർപ്പറേഷൻ ഹാജരാക്കി. ഹർജി വീണ്ടും പരിഗണിക്കുന്ന 20ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു. നടപടികളെക്കുറിച്ച് പേപ്പറിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും വ്യക്തമാക്കി.
30 ഇടങ്ങൾ കണ്ടെത്തി
മാലിന്യം നിക്ഷേപിക്കുന്ന 30 ഇടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കോർപ്പറേഷനു വേണ്ടി ഹാജരായ അഡ്വ. കെ. ജനാർദ്ദന ഷേണായി അറിയിച്ചു. ആറു മാസത്തിനകം എല്ലാ മേഖലയിലും സി.സി ടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണസംവിധാനം ഏർപ്പെടുത്തും. നിയമലംഘകരെ പിടികൂടാൻ നൈറ്റ് സ്‌ക്വാഡും ഉണ്ടാകും. പൊലീസിനും ആരോഗ്യവകുപ്പിനുമാണ് നിരീക്ഷണ ചുമതല.
31 നകം കനാലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുമെന്ന് കോർപ്പറേഷനും മേയ് 31നകം കനാലിലെ ചെളികോരി വൃത്തിയാക്കുമെന്ന് ജലസേചന വകുപ്പും അറിയിച്ചു.
ആവർത്തിക്കാതിരിക്കാനും
നടപടി വേണം
1. കനാൽ ശുചീകരിച്ചതുകൊണ്ടു മാത്രമായില്ലെന്നും നിയമലംഘനം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു
2. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇല്ലാത്ത താമസസമുച്ചയങ്ങളുടെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കണം
3. മാലിന്യം നീക്കം ചെയ്യാൻ മലിനീകരണ ബോർഡിനു ചെലവാകുന്ന തുക നിയമലംഘകരിൽനിന്ന് ഈടാക്കണം.
4. മാലിന്യം നീക്കംചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ലെങ്കിൽ സർക്കാരിനെ അറിയിക്കണം.
5. സാഹചര്യങ്ങളുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം
6. മാലിന്യമുക്ത ക്യാമ്പെയ്ന്റെ ഭാഗമായുള്ള കർമ്മപരിപാടികളിൽ റസിഡൻസ് അസോസിയേഷനുകളെയും സന്നദ്ധ സംഘടനകളെയും പങ്കാളികളാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |