
തൊടുപുഴ: 'ദസ്തക്' എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തെ വരവേറ്റ് തൊടുപുഴ നഗരം. കലോത്സവത്തിന് മുന്നോടിയായി തൊടുപുഴ നഗരത്തിൽ നടന്ന വിളംബര റാലിയിൽ ആതിഥേയരായ അൽ- അസ്ഹർ കോളേജ് ഉൾപ്പെടെയുള്ള വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. മങ്ങാട്ടുകവലയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് റാലി ആരംഭിച്ചത്.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്ലോട്ടുകൾ, തെയ്യം, പുലിക്കളി, ലഹരിക്കെതിരായുള്ള ബാനറുകൾ, ചെണ്ടമേളം, മുത്തുക്കുടയേന്തിയ വിദ്യാർത്ഥിനികൾ അടക്കമുള്ളവർ വിളംബരറാലിയിൽ അണിനിരന്നു.റാലി ഗാന്ധിസ്ക്വറിൽ സമാപിച്ചു. സമാപന സമ്മേളനം എം.ജി യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എം.എസ്. ഗൗതം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എം.അപർണ അദ്ധ്യക്ഷത വഹിച്ചു.
നീതിദേവതയും
ഗോപൻസ്വാമിയും
വിളംബരറാലിയിൽ അൽ അസ്ഹർ ലാ കോളേജിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ആനുകാലിക പ്രസക്തിയുള്ള
പ്ലോട്ടുകൾ ഏറെ ശ്രദ്ധേയമായി. നീതി ദേവതയുടെയും നെയ്യാറ്റിൻകരയിലെ ഗോപൻ സമാധിയുമായിരുന്നു പ്രധാന വിഷയങ്ങൾ. കറുപ്പും, വെള്ളയും വസ്ത്രം ധരിച്ചു - വലതു കൈയിൽ തുലാസും, ഇടത് കൈയിൽ ഭരണഘടനയുമായി നിൽക്കുന്ന നീതിദേവതയായതു കോളേജിലെ മൂന്നാം വർഷ നിയമ വിദ്യാർത്ഥിനിയും, പാലക്കാട് സ്വദേശിനിയുമായ ആൻസി കുര്യനാണ്. നീതി ദേവത എല്ലാം കൺതുറന്നു കാണുന്നുവെന്ന സന്ദേശമാണ് നൽകിയത്. അന്ധവിശ്വാസത്തിനെതിരായ ബോധവത്കരണം പൊതുസമൂഹത്തിനു നൽകുക എന്ന ലക്ഷ്യത്തോടെയാണ് നെയ്യാറ്റിൻകരയിൽ അടുത്തിടെ വിവാദം സൃഷ്ട്ടിച്ച ഗോപൻ സമാധിയുടെ വിഷയം പ്ലോട്ടിൽ അവതരിപ്പിച്ചത്. അഞ്ചു വർഷ നിയമ വിദ്യാർത്ഥികളായ കൊല്ലം സ്വദേശി കാളിദാസൻ, ആലപ്പുഴ സ്വദേശി നിഖിൽ ഷാജി, എറണാകുളം സ്വദേശിനി അർഷിത എന്നിവരാണ് ഈ പ്ലോട്ടിൽ പങ്കാളികളായത്. 17 മുതൽ 23 വരെ തൊടുപുഴ അൽ- അസർ കോളേജ് ക്യാമ്പസിലെ വിവിധ വേദികളിലായാണ് മത്സരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |