
മാന്നാർ: ഷെഡ്യൂൾഡ് ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് മാന്നാർ സ്വദേശിയിൽ നിന്ന് ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്തയാളിനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടപ്പള്ളി മാളിയേക്കൽ റോഡിൽ അമൃതഗൗരി അപ്പാർട്ട്മെന്റിൽ കിഷോർ ശങ്കർ (ശ്രീറാം-40) ആണ് അറസ്റ്റിലായത്. ലക്ഷങ്ങൾ നൽകിയിട്ടും ജോലി ലഭിക്കാത്തതിനാൽ വ്യാഴാഴ്ചയാണ് യുവാവ് മാന്നാർ പൊലീസിൽ പരാതി നൽകിയത്. ഒരു ഹോട്ടലിൽ വച്ച് താൻ ബാങ്കിന്റെ എൻ.ആർ.ഐ സെക്ഷൻ മാനേജറാണെന്ന് പരിചയപ്പെടുത്തുകയും ബാങ്കിൽ ജോലി വാഗ്ദാനം നൽകിയ ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പല തവണകളായി ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് പരാതി. എസ്.ഐമാരായ അഭിരാം സി.എസ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് എ.എസ്.ഐ റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, സുധീഷ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം എറണാകുളം ഭാഗത്ത് മൂന്ന് ദിവസത്തോളം താമസിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ ബാങ്ക് ലോൺ സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പ്രമുഖരെ ഉൾപ്പടെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നും പ്രതി 2016 ൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞയാളുമാണെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |