
കോതമംഗലം: ചേലാട് കള്ളാട്ടിൽ പട്ടാപ്പകൽ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിന്റെ ചുരുളഴിയാതെ ഒരു വർഷം. ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (72) കഴിഞ്ഞ വർഷം മാർച്ച് 25നാണ് കൊല്ലപ്പെട്ടത്. നാല് മാസം ലോക്കൽ പൊലീസ് അന്വേഷിച്ച് ഫലം കാണാത്തതിനാൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനും കാര്യമായി മുന്നോട്ടുപോകാനായില്ല. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് സംഘം അന്വേഷണത്തിൽ സജീവമായി രംഗത്തുണ്ട്. കേസ് തെളിയിക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.
സാറാമ്മ അണിഞ്ഞിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതിനാൽ മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കൊപാതകം പുറംലോകം അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷമാണ്. ഒരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപ്പെടാൻ മതിയായ സമയം കൊലപാതകിക്ക് ലഭിച്ചു. വിരലടയാള വിദഗ്ദ്ധരും പൊലീസ് നായയും പരതിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
സംഭവദിവസവും തൊട്ടടുത്ത ദിവസങ്ങളിലും പ്രദേശത്തെ മൊബൈൽ ടവറുകളുടെ പരിധിയിൽ വന്നവരുടെയെല്ലാം വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെ ഫോണിൽ ബന്ധപ്പെട്ട് പ്രദേശത്ത് എത്തിയതിന്റെ സാഹചര്യം തിരക്കി. നിരവധി നാട്ടുകാരെയും പ്രദേശത്ത് വന്നുപോയവരെയും സമാന കുറ്റകൃത്യങ്ങളിൽ മുമ്പ് പെട്ടിട്ടുള്ളവരെയും ചോദ്യം ചെയ്തു. സമീപ പ്രദേശങ്ങളിലെ നൂറുകണക്കിന് സി.സി ടി.വി ക്യാമറാ ദൃശ്യങ്ങളും അരിച്ചുപെറുക്കി.
പൊലീസിന് വലച്ച്
'കുറ്റസമ്മതം"
സാറാമ്മയുടെ വീടിനോട് ചേർന്ന് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിൽ അവർക്ക് പങ്കില്ലെന്ന് സ്ഥിരീകരിച്ചു. ഒടുവിൽ ഒരു ടാപ്പിംഗ് തൊഴിലാളിയിലേക്കാണ് പൊലീസിന്റെ സംശയദൃഷ്ടി തിരിഞ്ഞത്. താനാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകുകയും ചെയ്തു. അടുത്ത ബന്ധു ഉൾപ്പെടെ രണ്ടു പേർക്കുകൂടി പങ്കുണ്ടെന്നും വെളിപ്പെടുത്തി. മോഷ്ടിച്ച ആഭരണങ്ങൾ ഒളിപ്പിച്ച സ്ഥലവും പറഞ്ഞുകൊടുത്തു. മൊഴി വിശ്വസിച്ച് തുടർ നടപടികളിലേക്ക് കടന്നപ്പോഴാണ് അമളി പറ്റിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾക്കും മറ്റ് രണ്ടു പേർക്കും സംഭവത്തിൽ പങ്കില്ലെന്ന് ബോദ്ധ്യപ്പെട്ടു. ആഭരണങ്ങൾ കണ്ടെടുക്കാനായില്ല. മദ്യലഹരിയിൽ പറഞ്ഞ കെട്ടുകഥയായിരുന്നു ഈ കുറ്റസമ്മതം.
സാറാമ്മയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. കൃത്യം നിർവഹിച്ചതിലെയും തെളിവ് ഇല്ലാതാക്കിയതിലെയും വൈദഗ്ദ്ധ്യം അന്വേഷണം വഴിമുട്ടിച്ചു. വീടുമായോ നാടുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ളവരാകാം പ്രതികൾ.
- അന്വഷണ സംഘം
ഒരു വർഷമായിട്ടും കേസ് തെളിയാത്തതിൽ നിരാശയുണ്ട്. അന്വേഷണം തൃപ്തികരമല്ല.കേസ് സി.ബി.ഐക്ക് വിടണം. വേണ്ടി വന്നാൽ കോടതിയെ സമീപിക്കും.
എൽദോസ് ഏലിയാസ്,
സാറാമ്മയുടെ മകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |