
കോലഞ്ചേരി: വേനൽ കടുത്തതോടെ സംസ്ഥാനത്തെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. പാൽ ഉത്പാദനത്തിൽ ഇടിവ് വന്നതിനൊപ്പം കാലിത്തീറ്റ, വൈക്കോൽ എന്നിവയുടെ വിലവർദ്ധനവും പച്ചപ്പുല്ല് കിട്ടാനില്ലാത്തതുമാണ് കർഷകരെ കുഴക്കിയത്. ആവശ്യമായ അളവിൽ കുടിവെള്ളം ലഭിക്കാത്തതും കാലികളെ ബാധിക്കുന്നുണ്ട്. സൂര്യാതപം ഏൽക്കാതിരിക്കാൻ പകൽ സമയങ്ങളിൽ തൊടികളിൽ ഇറക്കിക്കെട്ടരുതെന്നാണ് നിർദ്ദേശം. ഇതും കർഷകർക്ക് തിരിച്ചടിയാണ്. പുല്ല് വെട്ടിയെടുത്ത് എത്തിക്കുകയാണ് പോംവഴി. ഇതിന് കൂലിച്ചെലവും കൂടുതലാണ്. കഴിഞ്ഞവർഷം കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 1,100 രൂപയും ഇപ്പോൾ 1,375രൂപയാണ് നൽകേണ്ടത്. 20 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന് 270 രൂപ ഒരു ദിവസം ചെലവ് വരുന്നു. അന്തരീക്ഷ ഊഷ്മാവിലുണ്ടായ വർദ്ധനമൂലം 10 ലിറ്റർ പാൽ ദിവസേന നൽകിയിരുന്ന പശുവിൽനിന്ന് ഇപ്പോൾ കിട്ടുന്നത് 7 ലിറ്റർ മാത്രമാണ്. അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞിട്ടും കാലിത്തീറ്റയുടെ വില കുറയാത്തതാണ് കർഷകരെ വലയ്ക്കുന്നത്. കാലിത്തീറ്റയും പുല്ലും മറ്റും സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയാലേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നാണ് ക്ഷീര കർഷകർ പറയുന്നത്.
പച്ചപ്പുല്ല് കിട്ടാനില്ല
പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് പാൽ ഉത്പാദനത്തെ ബാധിച്ചതായി കർഷകർ പറയുന്നു. അതോടൊപ്പം ജലക്ഷാമംകൂടി വന്നതോടെ പരിപാലനവും ഏറെ ദുഷ്‌കരമായി. പാലിന്റെ പ്രഖ്യാപിത വില 56 രൂപയാണെങ്കിലും ഗുണനിലവാരം
കുറവെന്ന കാരണം പറഞ്ഞ് ലിറ്ററിന് 35 രൂപയ്ക്കും 45 രൂപയ്ക്കും ഇടയ്ക്കാണ് വില ലഭിക്കുന്നതെന്നു കർഷകർ പറയുന്നു. നാമമാത്ര കർഷകർക്ക് മാത്രമാണ് അൽപമെങ്കിലും കൂടുതൽ വില ലഭിക്കുന്നത്. സ്വകാര്യ മേഖലയിൽ പാൽ കൊടുത്താൽ ലിറ്ററിന് 60 രൂപ വരെ ലഭിക്കുമ്പോൾ മിൽമ സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്ക് മതിയായ വില നൽകുന്നില്ലെന്നും അതേ പാൽ കൂടിയ വിലയ്ക്കു വിറ്റ് ലാഭം കൊയ്യുകയാണെന്നും കർഷകർ പറയുന്നു. വേനലിൽ ഇൻസെന്റീവ് എന്ന പേരിൽ കർഷകന് ലിറ്ററിന് 2 രൂപ വീതം നൽകുന്നതാണ് മിൽമയിൽ നിന്നുള്ള ആകെ ആശ്വാസമെന്നാണ് കർഷകരുടെ പക്ഷം. പത്ത് കിലോ കാലിത്തീറ്റയ്ക്ക് പ്രതിദിനം 300 രൂപ ചെലവുണ്ട്. ഒപ്പം വൈക്കോൽ, പുല്ല്, മരുന്നുകൾ ഉൾപ്പെടെയുള്ള ചെലവ് കണക്കാക്കുമ്പോൾ വലിയ നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്.
കർഷകരെ തൊഴിലുറപ്പ് തൊഴിലാളികളായി അംഗീകരിക്കുകയോ പാലിന് താങ്ങുവില നൽകുകയോ കാലിത്തീറ്റക്ക് സബ്‌സിഡി നൽകുകയോ ചെയ്താലേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ.
സി.കെ. അരുൺ,
ജില്ലാ സെക്രട്ടറി, ക്ഷീരസമൃദ്ധി
നെല്ലാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |