
കൊച്ചി: പ്രധാനമന്ത്രിയുടെ അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി എറണാകുളം ജംഗ്ഷൻ (സൗത്ത് ) റെയിൽവേ സ്റ്റേഷനിൽ നടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചു. കരാറെടുത്ത പ്രധാന കമ്പനിയും ഉപകരാറുകാരനും തമ്മിൽ കരാർ തുകയെച്ചൊല്ലിയുണ്ടായ തർക്കമാണ് നിർമ്മാണ പുരോഗതിയെ ബാധിച്ചത്. സ്റ്റേഷന്റെ മുഖ്യപ്രവേശനകവാടത്തിലെ നാല് നില കെട്ടിടത്തിന്റെ (ജി 4 മൾട്ടി സ്റ്റോറി ബിൽഡിംഗ്) നിർമ്മാണമാണ് 20 ദിവസമായി മുടങ്ങിക്കിടക്കുന്നത്.
കൊൽക്കത്ത ആസ്ഥാനമായ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനി (ബി ആൻഡ് ആർ) ലിമിറ്റഡാണ് സൗത്ത് സ്റ്റേഷനിലെ കരാറുകാർ. പ്രധാനകവാടത്തിൽ മൾട്ടിസ്റ്റോറി ബിൽഡിംഗ് നിർമ്മിക്കാൻ ബ്രിഡ്ജ് ആൻഡ് റൂഫിൽ നിന്ന് ഉപകരാർ എടുത്തത് ബംഗളൂരു കേന്ദ്രമായ ഉഷ കൺസ്ട്രക്ഷനാണ്. ഇതുവരെ പൂർത്തിയാക്കിയ ജോലിക്ക് നാലു കോടി രൂപ കിട്ടാനുണ്ടെന്നാണ് ഉഷ കൺസ്ട്രക്ഷന്റെ വാദം.
ടിക്കറ്റ് കൗണ്ടറും യാത്രക്കാരുടെ വിശ്രമകേന്ദ്രവുമുൾപ്പെട്ട സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റിയുള്ള നിർമ്മാണപ്രവർത്തനങ്ങളാണ് മുഖ്യപ്രവേശന കവാടത്തിൽ നടക്കുന്നത്. പില്ലറുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. സ്റ്റേഷനിലെ കിഴക്കുഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉപകരാർ മറ്റൊരു കമ്പനിക്കാണ്. ഈ ഭാഗത്തെ നിർമ്മാണം തടസപ്പെട്ടിട്ടില്ല.
ഈ മാസം ആദ്യ ആഴ്ചയോടെ സൈറ്റിൽ നിന്ന് തങ്ങളുടെ തൊഴിലാളികളെ പൂർണ്ണമായി ഉഷ കൺസ്ട്രക്ഷൻ പിൻവലിച്ചു. യന്ത്രസാമഗ്രികളും മാറ്റി. നിലവിൽ നിർമ്മാണ സൈറ്റിൽ ഉഷ കൺസ്ട്രക്ഷന്റെ സെക്യുരിറ്റി മാത്രമാണുള്ളത്. കിട്ടാനുള്ള തുക ലഭിക്കാതെ തുടർ നിർമ്മാണത്തിന് ഇല്ലെന്നാണ് ഉപകരാറുകാരുടെ നിലപാട്. കരാറിലെ ചില വ്യവസ്ഥകൾ ഉഷ കൺസ്ട്രക്ഷൻ പാലിക്കാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിസന്ധിക്ക് കാരണമെന്നും ബ്രിഡ്ജ് ആൻഡ് റൂഫ് വക്താവ് പറഞ്ഞു.
എന്ന് തീരുമെന്ന് അറിയാതെ റെയിൽവേ
2022 ജൂലൈ 13നാണ് ബ്രിഡ്ജ് ആൻഡ് റൂഫ് കമ്പനിക്ക് എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ പുനർ വികസന പദ്ധതിക്കുള്ള കരാർ ലഭിക്കുന്നത്. 24 മാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന കരാർ വ്യവസ്ഥ അപ്രായോഗികമായിരുന്നു. സൈറ്റ് ക്ലിയറിംഗ് ഉൾപ്പെടെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനം തുടങ്ങാൻ തന്നെ ഒരു വർഷത്തോളം വേണ്ടിവന്നു. കാലാവധി പിന്നീട് 36 മാസമായി നീട്ടിയെങ്കിലും എറണാകുളം സൗത്തിലെ പുനർവികസന പദ്ധതി എന്ന് പൂർത്തീകരിക്കുമെന്ന് റെയിൽവേയ്ക്ക് തിട്ടമില്ല.
വികസനം
62000 ചതുരശ്ര മീറ്ററിൽ
സ്റ്റേഷന്റെ മുഖ്യ പ്രവേശന കവാടമുള്ള പടിഞ്ഞാറ് ഭാഗത്ത്
ജി- 4 സ്റ്റോറി ബിൽഡിംഗ്
ടിക്കറ്റ് ഏരിയ
വെയിറ്റിംഗ് ലോഞ്ച്
കൊമേഴ്സ്യൽ ഏരിയ
പ്ലാറ്റ്ഫോമുകളിലേക്ക് ലിഫ്റ്റുകൾ
എലവേറ്ററ്റുകൾ
കോൺകോസുകൾ
മെട്രോ സ്റ്റേഷനിലേക്ക് ആകാശ പാത
രണ്ടാം പ്രവേശന കവാടമുള്ള കിഴക്ക് ഭാഗത്ത്
ടെർമിനലിൽ പാസഞ്ചർ ബുക്കിംഗ് ഫെസിലിറ്റി
റെയിൽവേ ആശുപത്രി
റെയിൽവേയുടെ ഭരണനിർവഹണ ഓഫീസുകൾ
മൾട്ടി ലെവൽ കാർ പാർക്കിംഗിനായി (എം.എൽ.സി.പി) ജി- 5 സമുച്ചയം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |