
കൊച്ചി: വനംവകുപ്പിന്റെ കടുംപിടിത്തം അവഗണിച്ച് ഓൾഡ് ആലുവ - മൂന്നാർ റോഡ് തുറന്നുകിട്ടാൻ വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കാനുറച്ച് പ്രദേശവാസികൾ. വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡിന്റെ കാര്യത്തിൽ വനം വകുപ്പും പൊതുമരാമത്ത് വകുപ്പും രണ്ട് തട്ടിലാണ്. ഭരണ പ്രതിപക്ഷ ഭേദമെന്യേ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും സമരരംഗത്തുണ്ട്.
രാജഭരണകാലത്തെ റോഡ് പുന:സ്ഥാപിച്ചാൽ കുട്ടമ്പുഴ മുതൽ മാങ്കുളം വരെയുള്ള വനമേഖലയിലെ ആദിവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രയോജനകരമാകും. വിനോദസഞ്ചാരമേഖലയ്ക്കും മുതൽക്കൂട്ടാകും. ഓൾഡ് ആലുവ മൂന്നാർ റോഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അടുത്തമാസം 16ന് കുഞ്ചിയാർ മുതൽ കുറത്തിക്കുടി വരെ റോഡിലേക്ക് വളർന്നുനിൽക്കുന്ന ഈറ്റക്കാടുകൾ വെട്ടിനീക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം റോഡ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ രാജപാതയിലൂടെ പൊതുജന മാർച്ച് നടത്തിയത് ഏറെ വിവാദമായിരുന്നു. മാർച്ചിന് നേതൃത്വം നൽകിയ ഡീൻ കുര്യാക്കോസ് എം.പി, ആന്റണി ജോൺ എം.എൽ.എ, ബിഷപ്പ് ജോർജ് പുന്നക്കോട്ടിൽ, ആക്ഷൻ കൗൺസിൽ നേതാവ് ഷാജി പയ്യാനിക്കൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ എന്നിവർക്കു പുറമേ 4 വൈദീകരും 5 ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടെ 23 പേർക്കെതിരെ വനംവകുപ്പും പൊലീസും കേസ് എടുത്തു.
ആന്റണി ജോൺ എം.എൽ.എ നിയമസഭയിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കലിൽ ഇങ്ങനെയൊരു റോഡ് നിലവിൽ ഇല്ലെന്നാണ് വനംവകുപ്പ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം, ഓൾഡ് ആലുവ- മൂന്നാർ രാജപാത നിലവിലുള്ളതാണെന്നും അത് സംബന്ധിച്ച രേഖകൾ ഉണ്ടെന്നും പൊതുമരാമത്ത് വകുപ്പ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.
ഓൾഡ് ആലുവ- മൂന്നാർ റോഡ് ഉൾപ്പെടെ വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരള സർക്കാർ കാട്ടുനീതി നടപ്പിലാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് 3000 ത്തോളം ആളുകൾ പങ്കെടുത്ത ജനകീയ സമരത്തിന് നേതൃത്വം നൽകിയ എനിക്കും മറ്റു ജനപ്രതിനിധികൾക്കും 89 വയസ് പ്രായമുള്ള ബിഷപ്പ് ജോർജ് പുന്നക്കോട്ടിൽ ഉൾപ്പടെ വൈദീകർക്കും പൊതുപ്രവർത്തകർക്കുമെതിരെ കേസ് എടുത്തത് അംഗീകരിക്കാനാവില്ല. ഓൾഡ്- ആലുവ മൂന്നാർ റോഡ് വനംവകുപ്പ് അനാവശ്യമായി കൊട്ടിയടച്ചിരിക്കുന്നത്. പി.ഡബ്ല്യു.ഡി രേഖകൾ പ്രകാരം റോഡിന്റെ ഉടമസ്ഥാവകാശം വനം വകുപ്പിനല്ല. പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ 11.5 കി.മീ ഭാഗത്ത് വനം വകുപ്പ് തടസം സൃഷ്ടിച്ചിരിക്കുകയാണ്.
ഡീൻ കുര്യാക്കോസ് എം.പി.
(ലോക്സഭയിൽ പറഞ്ഞത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |