SignIn
Kerala Kaumudi Online
Monday, 21 September 2026 12.24 PM IST

മോട്ടിവേഷനും ധ്യാനവുമായി ഒരു പൂച്ചസന്യാസി !

READ ENGLISH VERSION
tom-and-jerry
ടോമും (ഇടത്) ജെറിയും ബിന്ദുവിനൊപ്പം

കൊച്ചി: പുലർച്ചെ മൂന്നരയ്ക്ക് ഉറക്കമുണർന്ന് സ്വയം ദേഹശുദ്ധി വരുത്തി 5ന് പോറ്റമ്മയോടൊപ്പം ഓൺലൈൻ മോട്ടിവേഷൻ ക്ലാസിലും ധ്യാനത്തിലുമൊക്കെ പങ്കെടുത്താലേ ടോമിന് തൃപ്തിയാകൂ. കുഴിമടിയനായ സഹോദരൻ ജെറി അപ്പോഴും നല്ല ഉറക്കത്തിലായിരിക്കും. ക്ലാസും ധ്യാനവും കഴിഞ്ഞ് പോറ്റമ്മ ഭക്ഷണം വിളമ്പാൻ പാത്രമെടുക്കുമ്പോൾ ജെറിയെ ടോം വിളിച്ചുണർത്തും.

എട്ടുവർഷം മുമ്പ് തേവരയിലെ പാതയോരത്തുനിന്ന് കലൂരിലെ വീട്ടമ്മയായ ബിന്ദു ബിജിമോൻ എടുത്തുവളർത്തിയ മൂന്ന് പൂച്ചക്കുട്ടികളിൽ അവശേഷിക്കുന്ന രണ്ടുപേരുടെ ജീവിതമാണിത്. 8 വയസായെങ്കിലും കുട്ടിത്തം മാറാത്ത ടോമും ജെറിയും ബിന്ദുവിന് വളർത്തുമക്കളാണ്. ബിന്ദുവിന്റെ ഭർത്താവ് മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ബിജിമോന് ജീവികളെ വീട്ടിൽ വളർത്തുന്നതിനോട് താത്പര്യമില്ലാത്തയാളാണെങ്കിലും സെറിബ്രൽ പാൾസികാരണം നടക്കാൻ ബുദ്ധിമുട്ടുള്ള ഇളയമകൻ ഭരത് കൃഷ്ണയ്ക്ക് പൂച്ചകളോടുള്ള സ്നേഹംകണ്ട് മനസുമാറി. ഭരതിനൊപ്പമാണ് ജെറിയുടെ ഉറക്കം. ഭരതിന് അസുഖംവന്നാൽ നെറ്റിയിലും തലയിലുമൊക്കെ നക്കിയും ഉമ്മവച്ചുമാകും പരിചരണം. ബിന്ദു, ബിജിമോൻ ദമ്പതികളുടെ മറ്റ് മക്കൾ: ഭവ്യ ( യു.എസ്), ഭാവന (ന്യൂയോർക്ക്). ഇരുവരും മുത്തൂറ്റ് ഗ്രൂപ്പിലെ ജീവനക്കാരാണ്.

ടോമിന്റെ ധ്യാനം

300പേരുള്ള ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സോഷ്യൽമീഡിയ കൂട്ടായ്മയിലെ അംഗമാണ് ബിന്ദു. ദിവസവും പുലർച്ചെ 5ന് 10 - 15 മിനിറ്റ് നേരം ഈ ഗ്രൂപ്പിന്റെ ഓൺലൈൻ സെഷനുണ്ട്. എന്നും ബിന്ദുവിനൊപ്പം കൂടുന്ന ടോമും ഗ്രൂപ്പിൽ സുപരിചിതനാണ്. 6.10ന് 15 മിനിറ്ര് മൈൻഡ് പ്ലസ് ഓൺലൈൻ ധ്യാനത്തിലും കണ്ണുകൾപൂട്ടി ടോമും പങ്കെടുക്കും.

അഹിംസാ വാദികൾ

പൂച്ചകൾ ഇരപിടിയന്മാർ ആണെങ്കിലും ടോമും ജെറിയും എട്ടുവർഷത്തിനിടെ പാറ്റയെപ്പോലും കൊന്നിട്ടില്ല. ക്യാറ്റ് ഫുഡ് ഒഴികെ മത്സ്യ- മാംസാഹാരങ്ങളൊന്നും കഴിക്കാറില്ല. വീടുവിട്ട് പുറത്ത് പോകാറുമില്ല. അതിഥികളെത്തുമ്പോൾ ബിന്ദുവിന്റെ അംഗരക്ഷകരാകും. രാവിലത്തെ ക്ലാസും ധ്യാനവുമൊക്കെ കഴിഞ്ഞാൽ ജനാലയ്ക്ക് അരികിൽ മുറ്റത്തെ പുറംകാഴ്ചകൾ കണ്ടിരിക്കും. ബാക്കിസമയം ഉറക്കമാണ് പ്രധാനഹോബി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL