SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

കാട്ടാന മരണം: മുന്നിൽ മലയാറ്റൂർ

f

കൊച്ചി: സംസ്ഥാനത്ത് കാട്ടാനകളുടെ മരണത്തിൽ മുന്നിൽ മലയാറ്റൂർ വനമേഖല. സ്വാഭാവിക മരണങ്ങൾക്ക് പുറമെ, വൈദ്യുതാഘാതമേറ്റ് ആനകൾ ചരിയുന്നതും മലയാറ്റൂർ മേഖലയിലാണ്. മനുഷ്യ വന്യജീവി സംഘർഷങ്ങളിൽ ഏറ്റവും കുറച്ച് മരണം മലയാറ്റൂരിലാണ്.

2019 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ആനകൾ ചെരിഞ്ഞതിനെപ്പറ്റി വനംവകുപ്പ് നടത്തിയ പഠനത്തിലാണ് മലയാറ്റൂർ ഹോട്ട്സ്‌പോട്ടാണെന്ന് കണ്ടെത്തിയത്. ആറുവർഷത്തിനിടെ 744 കാട്ടാനകളാണ് ചരിഞ്ഞത്. ഇവയിൽ 77 മരണങ്ങൾ മനുഷ്യ വന്യജീവി സംഘർഷത്തിൽ സംഭവിച്ചതാണ്.

പഠനകാലത്ത് മലയാറ്റൂർ വനം ഡിവിഷനിൽ 89 ആനകളാണ് ചരിഞ്ഞത്. ഇത് സംസ്ഥാന ശരാശരിക്ക് മുകളിലാണ്. ആനകളുടെ സ്വാഭാവിക മരണത്തിലും മലയാറ്റൂർ മുമ്പിലാണ്. സംസ്ഥാനത്തെ മരണങ്ങളിൽ 12.2 ശതമാനം. 81 മരണങ്ങളും സ്വഭാവികമാണ്. രോഗങ്ങൾ മൂലം ഏറ്റവുമധികം മരിച്ചതും ഇവിടെയാണ്. 12 ആനകൾ. സ്‌ഫോടനം, വാഹനമിടിക്കൽ, വേട്ട, വിഷബാധ എന്നിവ മൂലം ഒരാന പോലും മലയാറ്റൂരിൽ കൊല്ലപ്പെട്ടിട്ടില്ല. മനുഷ്യ വന്യജീവി സംഘർഷം മൂലവും മലയാറ്റൂരിൽ ആനകൾ കൊല്ലപ്പെട്ടിട്ടില്ല. കടുവകളുമായുള്ള ഏറ്റുമുട്ടലിൽ 7 ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ആനകൾ തമ്മിൽ ഏറ്റുമുട്ടിയും 7 എണ്ണം മരിച്ചു.

മനുഷ്യസംഘർഷത്തിൽ പിന്നിൽ

മനുഷ്യ വന്യജീവി സംഘർഷത്തിൽ കുറവ് മരണം മലയാറ്റൂരിലാണ്. വൈദ്യുതാഘാതമേറ്റാണ് ഇവയിൽ അഞ്ച് മരണങ്ങൾ. കാടിന് പുറത്താണ് മൂന്നു മരണങ്ങൾ. കാട്ടിലൂടെ വൈദ്യുത ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ പുനരാലോചന വേണമെന്ന് ശുപാർശ ചെയ്‌തിട്ടുണ്ട്.

തേക്കടി പെരിയാർ ഈസ്റ്റ് കടുവാ സങ്കേതമാണ് ആനകളുടെ മരണത്തിൽ രണ്ടാമത്. 63 ആനകൾ. മലയാറ്റൂർ ഡിവിഷന് സമീപത്തെ വാഴച്ചാലിൽ 47ഉം മൂന്നാറിൽ 48ഉം ആനകൾ ചരിഞ്ഞു. തൃശൂർ വനംഡിവിഷനിൽ മനുഷ്യ വന്യജീവി സംഘർഷം പതിവാണെങ്കിലും ആനകൾ മരിക്കാറില്ല.

വിസ്തൃതം മലയാറ്റൂർ

ഒട്ടേറെ സവിശേഷതകളുള്ള വനമേഖലയാണ് മലയാറ്റൂർ. ആനമല കടുവാ സങ്കേതവുമായി ബന്ധിപ്പിക്കുന്ന പറമ്പിക്കുളം, മൂന്നാർ വനമേഖലയിലാണ് മലയാറ്റൂർ. ആനത്താരകളുള്ള ഈ മേഖലകളിലൂടെ ആനകൾ സഞ്ചരിക്കുന്നത് സാധാരണമാണ്.

മരണ കാരണങ്ങൾ

സ്വാഭാവികമരണം 50

രോഗങ്ങൾ 12

ഏറ്റുമുട്ടൽ 7

കടുവ ആക്രമണം 7

പ്രായാധിക്യം 4

അകാരണം 1

വൈദ്യുതാഘാതം 5

അസ്വാഭാവികം 5

അസാധാരണം 3

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, WILD ELEPHANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL