SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.46 AM IST

തൃപ്പൂണിത്തുറയിലും വൈപ്പിനിലും സി.പി.എം സ്ഥാനാർത്ഥികൾ കളത്തിൽ...

g

കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സ്ഥാനാർത്ഥി നിർണയത്തിനും മുൻപേ തൃപ്പൂണിത്തുറയിലും വൈപ്പിനിലും സി.പി.എം സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവമാകുന്നു. വൈപ്പിനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കളംമാറ്റുന്ന കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഒരാഴ്ചയായി മണ്ഡലത്തിൽ സജീവമാണ്. പൊതുപരിപാടികളിലും ക്ഷേത്ര ഉത്സവങ്ങളിലും സാന്നിദ്ധ്യമറിയിക്കുന്ന അദ്ദേഹം സി.പി.എം ഓഫീസുകളിലും മറ്റ് പാർട്ടി കേന്ദ്രങ്ങളിലും സന്ദർശനം തുടരുകയാണ്. സുഹൃദ് സദസുകളും വിളിച്ചുകൂട്ടിത്തുടങ്ങി.

തൃപ്പൂണിത്തുറയിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായിട്ടില്ലാത്ത സാഹചര്യത്തിൽ മണ്ഡലത്തിൽ സജീവമായി ഇടപെടുകയാണ് കെ.എൻ.ഉണ്ണിക്കൃഷ്ണൻ. കടവന്ത്ര സ്വദേശിയായതിനാൽ തൃപ്പൂണിത്തുറയിൽ അദ്ദേഹത്തിന് ആഴത്തിലുള്ള ബന്ധങ്ങളുണ്ട്.

ഉണ്ണിക്കൃഷ്ണന് പകരം വൈപ്പിനിൽ സി.പി.എം നിയോഗിച്ച അഡ്വ.എം.ബി.ഷൈനിയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതുമുഖമായതിനാൽ പാർട്ടിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങളിലാണ് ഷൈനി ശ്രദ്ധയൂന്നുന്നത്. പാർട്ടി കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനൊപ്പം പരിചയക്കാരെ ഫോണിൽ വിളിച്ച് സഹകരണം തേടുന്നുമുണ്ട്.

മണ്ഡലത്തിലെ എളങ്കുന്നപ്പുഴ വളപ്പ് സ്വദേശിയായ ഷൈനി ഇപ്പോൾ ഞാറക്കലാണ് താമസം. മുൻ ജില്ലാ പഞ്ചായത്തംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നുമില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാരോൺ പനക്കൽ, ജില്ലാ പഞ്ചായത്തംഗം അഡ്വ.വിവേക് ഹരിദാസ് എന്നിവരുടെ പേരുകൾ കോൺഗ്രസിൽ സജീവമാണ്. കഴിഞ്ഞതവണ എൻ.ഡി.എയിലെ ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ ഇക്കുറി ട്വന്റി 20യ്ക്കാണ് അവസരമെന്നും സൂചനയുണ്ട്.

കോതമംഗലം നിയോജക മണ്ഡലത്തിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എ ആന്റണി ജോണും എതിരാളിയായി കേരള കോൺഗ്രസിന്റെ ഷിബു തെക്കുംപുറവും സജീവമായി രംഗത്തുണ്ട്. 2021ലും ആന്റണി - ഷിബു പോരാട്ടമായിരുന്നു നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റിയും ത്രിതല പഞ്ചായത്തുകളും പിടിച്ചെടുത്തതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL