SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

സാമൂഹ്യ സുരക്ഷാ പെൻഷൻ: കേന്ദ്ര കുടിശിക 392.36 കോടി മുടക്കാതെ സംസ്ഥാനം

f

50 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ

കൊച്ചി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന അഞ്ച് തരം സാമൂഹ്യ സുരക്ഷാ പെൻഷനുകളിലെ കേന്ദ്ര വിഹിതത്തിൽ 392.36 കോടി രൂപയുടെ കുടിശിക. ഇന്ദിരാഗാന്ധി വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാ ഗാന്ധി വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ഭിന്നശേഷി പെൻഷൻ, 50 കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ എന്നിവയിലാണ് എട്ട് മാസത്തെ കേന്ദ്ര വിഹിതം ലഭിക്കാനുള്ളത്.

ഇത്രയേറെ രൂപ കേന്ദ്രസർക്കാർ കുടിശിക വരുത്തിയെങ്കിലും സംസ്ഥാന സർക്കാർ ഈ പെൻഷനുകളൊന്നും ഇതുവരെ മുടക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. കേന്ദ്രവിഹിതം കൂടി കൂട്ടിച്ചേർത്ത് തന്നെയാണ് ഇക്കഴിഞ്ഞ മാസം വരെ സംസ്ഥാന സർക്കാർ സാമൂഹിക ക്ഷേമ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്തത്.

വിവരാവകാശ അപേക്ഷയിലെ മറുപടി

50 ലക്ഷത്തിലേറെപ്പേർ ഗുണഭോക്താക്കളായുണ്ട്. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ നൽകാനുള്ള ബാക്കി തുക ഉൾപ്പെടെയാണ് ഇത്രയും കുടിശിക.

ഇന്ദിരാഗാന്ധി വാർദ്ധക്യകാല പെൻഷനിലാണ് അധികവും ഗുണഭോക്താക്കൾ. 29,60,655പേർ. ഇന്ദിരാഗാന്ധി വിധവാ പെൻഷനാണ് രണ്ടാമത് - 13,43,580 പേർ. ഏറ്റവും കുറവ് ഗുണഭോക്താക്കളുള്ളത് 50 കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ പദ്ധതിയിൽ - 82,634 പേർ. ഇന്ദിരാഗാന്ധി ഭിന്നശേഷി പെൻഷനിൽ 3,95,510ഉം കർഷകത്തൊഴിലാളി പെൻഷനിൽ 2,97,384 പേരും ഗുണഭോക്താക്കളായുണ്ട്.

കേന്ദ്ര സർക്കാരിന്റെ എൻ.എസ്.എ.പി പദ്ധതി പ്രകാരം സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനത്തിൽ നൽകേണ്ട തുക സംസ്ഥാന സർക്കാർ മുൻകൂറായി അനുവദിക്കുകയും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്‌ക്ക് കേന്ദ്രം ഈ തുക പിന്നീട് ലഭ്യമാക്കുകയുമാണ് രീതി. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയുടെ വിവരാവകാശ അപേക്ഷയ്‌ക്ക് സംസ്ഥാന ധനകാര്യ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.


ആകെ നൽകേണ്ട പെൻഷൻ തുക
(വിഭാഗം, തുക)

കർഷകത്തൊഴിലാളി പെൻഷൻ--------- 58,21,48,400 രൂപ

ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ------------- 535,68,82,900 രൂപ

ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ---------77,02,75,500 രൂപ

50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ---------- 15,84,66,800 രൂപ

ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ-------- 248,30,27,400 രൂപ

ആകെ--------------- 935,08,01,000 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL