SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

അയ്യോ പാമ്പേ... പാമ്പ് പേടിയിൽ നാട്

d

കൊച്ചി: ചൂട് കൂടിയതോടെ ജനങ്ങളിൽ ഭീതി പടർത്തി മാളംവിട്ട് പുറത്തിറങ്ങുകയാണ് പാമ്പുകൾ. ഈ പാമ്പുകളെ കരുതിയിരിക്കണമെന്ന് പാമ്പു പിടുത്ത വിദഗ്ധരും ആരോഗ്യ വിദഗ്ധരും നിർദ്ദേശിക്കുന്നു. ജില്ലയിൽ 2026ൽ മാത്രം 1176 പാമ്പുകളെ പിടികൂടി. മുൻപെല്ലാം വീടിന് പുറത്തായിരുന്നു പാമ്പുകളെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ വീടിനകത്തും കിടക്കയിൽ വരെ പാമ്പുകളെ കണ്ടുതുടങ്ങി. സംസ്ഥാനത്ത് ഏപ്രിലിൽ തന്നെ ഒന്നിലേറെ മരണങ്ങളുണ്ടായി.

കുട്ടികളും പ്രായമായവരുമെല്ലാം പുറത്തേക്കിറങ്ങുമ്പോൾ ഒരുപോലെ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. തലകറക്കം, ഛർദ്ദി, ശ്വാസതടസം, കണ്ണ് അടഞ്ഞുപോകുക, വയറുവേദന, മൂക്കിലൂടെ രക്തംവരിക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

ചൂടു കൂടുന്ന മാസവും മുട്ട വിരിയുന്ന സമയവും ആയതിനാലാണ് പാമ്പുകൾ കൂടുതൽ പുറത്തിറങ്ങുന്നത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ സുരക്ഷിത സ്ഥലം തേടുന്നു. അങ്ങനെയാണ് വീടുകളിലെ തണുപ്പുള്ളിടത്തും മറ്റും ഇവയെത്തുന്നത്.

ഉഗ്രവിഷമുള്ള പാമ്പുകൾ

സംസ്ഥാനത്ത് പത്തോളം പാമ്പുകൾക്ക് ഉഗ്ര വിഷമുണ്ട്. ഇതിൽ തന്നെ കടിച്ചാൽ മരണസാദ്ധ്യത കൂടുതലുള്ളവ എന്ന തരത്തിൽ ബിഗ് ഫോർ എന്നൊരു തിരിവുകൂടിയുണ്ട്. മൂർഖൻ, അണലി(ചേനത്തണ്ടൻ), വെള്ളിക്കട്ടൻ(ശംഖുവരയൻ, വളവളപ്പൻ, മോതിരവളയൻ), ചുരുട്ട മണ്ഡലി (രക്തയണലി, ഈർച്ചവാൾ ശൽക്ക അണലി) എന്നിവയാണ്. മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല എന്നിവ വേറെയും.

വിഷമുള്ള പാമ്പുകൾക്കെല്ലാം തന്നെ ആന്റിവെനം ഉണ്ടെങ്കിലും അങ്ങനെ ഇല്ലാത്തവയും ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. ചോല മണ്ഡലി, മുഴമൂക്കൻ കുഴിമണ്ഡലി എന്നിവയൊക്കെ ഈ ഗണത്തിൽപ്പെടുന്നു.

ഓർത്തിരിക്കാൻ

വീടിന് സമീപത്തോ വീടിനകത്തോ വിഷപ്പാമ്പിനെ കണ്ടാൽ വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുക

സേവനം സൗജന്യമാണ്

സർപ്പ മൊബൈൽ ആപ്പ് വഴിയോ സർപ്പ ജില്ലാ കോഓർഡിനേറ്റർമാർ വഴിയോ സേവനം ഉറപ്പാക്കാം

ശ്രദ്ധിക്കൂ...

വീടും പരിസരവും വൃത്തിയാക്കിയിടുക. മുറ്റം, നടവഴി എന്നിവിടങ്ങളിലെ കാടും ചപ്പുചവറുകളും നീക്കുക

വീടിനുള്ളിൽ സാധനങ്ങൾ അടുക്കി വയ്ക്കുക

വെളിച്ചമില്ലാതെ രാത്രി സഞ്ചാരം പാടില്ല

വീടിനുപുറത്ത് ശേഖരിച്ച വിറകും മറ്റും വെളിച്ചമുള്ള സമയത്തു മാത്രം ശ്രദ്ധയോടെ എടുക്കുക

വീടിന് മുകളിലേക്ക് വളർന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റുക

എയർഹോളിനുള്ളിലൂടെ പാമ്പിന് വീടിനുള്ളിൽ പ്രവേശിക്കാനുള്ള സാഹചര്യം ഒഴിവാക്കുക

വീട്ടുപരിസരത്തെ മാളങ്ങൾ കഴിവതും അടയ്ക്കുക

വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജിന്റെ സ്റ്റാൻഡ്, കട്ടിലിന്റെ അടിവശം, കിടക്ക, തലയിണ എന്നിവ എന്നും പരിശോധിക്കുക

ഷൂ, ചെരുപ്പ്, ഹെൽമറ്റ് എന്നിവ ധരിക്കുന്നതിന് മുന്നേ അതെല്ലാം പരിശോധിക്കുക

യൂറോപ്യൻ ക്ലോസറ്റ് എപ്പോഴും അടച്ചുവയ്ക്കുക

ഷവറിന്റെ പിടിയിലും പൈപ്പുകളുടെ വിടവിലും ശ്രദ്ധ വേണം

പാമ്പിനെ കണ്ടാൽ വിളിക്കാൻ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്റർ:

ഡി.ഇ.ഒ.സി കോതമംഗലം 9188407524

ഡി.ഇ.ഒ.സി മലയാറ്റൂർ 9188407530

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL