SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

വീട്ടുകാരെ കെട്ടിയിട്ട് കവ‌ർച്ചകൾ: ബംഗ്ളാദേശ് സ്വദേശി 8 കൊല്ലത്തിന് ശേഷം അറസ്റ്റിൽ

nasir
മുഹമ്മദ് നസീർ

കൊച്ചി: എട്ടു കൊല്ലം മുമ്പ് കൊച്ചി മേഖലയിൽ വീട്ടുകാരെ കെട്ടിയിട്ട് കവ‌ർച്ച ചെയ്ത കേസുകളിലെ മുഖ്യ ആസൂത്രകനായ ബംഗ്ലാദേശ് സ്വദേശി മറ്റൊരു കവർച്ചക്കേസിൽ

ഡൽഹി ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായി. രാജ്യത്തെ 7 സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊച്ചി പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ബംഗ്ളദേശ് ബാഗെർഹാട്ട് മാരിഗഞ്ച് ബഡാബാദുര സ്വദേശി മുഹമ്മദ് നസീർ പിടിയിലായത്.

ഇയാളുൾപ്പെട്ട 6 ബംഗ്ലാദേശ് സ്വദേശികളെ ഗോവയിലെ ഡോണ പൗള, ഗണേഷ്‌പുരി പട്ടണങ്ങളിൽ 2025 ൽ നടന്ന വൻ കവ‌ർച്ചകളുമായി ബന്ധപ്പെട്ട് ഗോവ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

2017 ഡിസംബർ 15ന് എറണാകുളം പുല്ലേപ്പടി-ലിസി റോഡ് ഇല്ലിമൂട്ടിൽ വീട്ടിൽ വൃദ്ധദമ്പതികളെ കെട്ടിയിട്ട് 5 പവൻ സ്വർണാഭരണങ്ങളും തൃപ്പൂണിത്തുറ എസ്.എം.പി കോളനി നന്നപ്പിള്ളി വീട്ടിൽ ദമ്പതികളുൾപ്പെടെ അഞ്ച് കുടുംബാംഗങ്ങളെ കെട്ടിയിട്ട് 50 പവൻ ആഭരണങ്ങളും 20000 രൂപയും മൊബൈൽ ഫോണുകളും കവർന്ന കേസുകളിൽ മുഖ്യ പ്രതിയാണ് മുഹമ്മദ് നസീർ.

തൃപ്പൂണിത്തുറയിൽ കവർച്ച നടന്ന ദിവസം രാവിലെ ഇയാളുൾപ്പെട്ട സംഘം കേരളം വിട്ടു.

ഇവരിൽ ഇക്രം (മഖ്ബൂൽ), ഷഹസാദ്, റോണേ ഷെയ്ക്ക്, അർഷാദ്, മുഹമ്മദ് ഹാറുൺ, സലിം (അപ്പാൻ) എന്നിവരെ 2018 ൽ ഡൽഹി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഹിൽപാലസ് പൊലീസ് പിടികൂടിയെങ്കിലും മുഹമ്മദ് നസീർ പശ്ചിമ ബംഗാൾ അതിർത്തി വഴി ബംഗ്ലാദേശിലേക്ക് കടന്നു.

ഇതിനു ശേഷം മേഘാലയ വഴി ഇന്ത്യയിൽ തിരിച്ചെത്തിയാണ് കവ‌ർച്ച തുടർന്നതെന്ന് ഡൽഹി പൊലീസും ഗോവൻ പൊലീസും സ്ഥിരീകരിച്ചു. ഇയാൾക്കൊപ്പം നൂർ ഇസ്ലാം (നാദിം ഖാൻ), സൈഫുൾ ഇസ്ലാം, സൊഹൈൽ ഖാൻ, മുഹമ്മദ് സുമൻ ഹൗൽദാർ, സാക്കിർ ഹൗൽദാർ എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം ഗോവൻ പൊലീസ് കസ്റ്റഡിയിലാണ്.

കവർച്ച നടത്തിയത് ആക്രി

കച്ചവടത്തിന്റെ മറവിൽ

വിവിധ സംസ്ഥാനങ്ങളിൽ കവ‌‌‌ർച്ചയ്‌ക്കായി ബംഗ്ലാദേശ് സ്വദേശികളെ ഇന്ത്യയിലെത്തിക്കുന്നതും സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുന്നതും മുഹമ്മദ് നസീറാണ്.

കേരളത്തിൽ വൈക്കം കേന്ദ്രീകരിച്ച് ആക്രിക്കച്ചവടക്കാരൻ എന്ന വ്യാജേനയാണ് നസീർ തമ്പടിച്ചത്. ആക്രി ശേഖരിക്കാൻ എന്ന പേരിൽ

മുഹമ്മദ് നസീർ കൊണ്ടുവന്ന ബംഗ്ലാദേശ് സ്വദേശികളുൾപ്പെട്ട 11 അംഗ സംഘമാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും കവ‌ർച്ചകൾക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL