
കൊച്ചി: നിയമ നടപടികളിൽ കുരുങ്ങി 23 വർഷം കോടതി കയറിയിറങ്ങിയ മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ഒടുവിൽ കേസിൽ നിന്ന് മോചനം നൽകി മൂവാറ്റുപുഴ വിജിലൻസ് കോടതി.പിറവം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരിക്കേ അഴിമതിക്കേസിൽപ്പെട്ട എറണാകുളം കെ.പി വള്ളോൻ റോഡ് കാട്ടുംപുറത്ത് കെ.എ. ജോസഫിനെയാണ് (78) വിജിലൻസ് ജഡ്ജി ജി. രാജേഷ് കുറ്റവിമുക്തനാക്കിയത്. രണ്ടാം പ്രതി യു.ഡി ക്ലാർക്കായിരുന്ന പി.ജി. വിക്രമനേയും വിട്ടയച്ചു.
മണൽലേലം, മാർക്കറ്റ്- ബസ് സ്റ്റാൻഡ് കടമുറിലേലം എന്നീ ഇനങ്ങളിൽ പഞ്ചായത്തിന് 22 ലക്ഷത്തിലധികം രൂപ നഷ്ടംവരുത്തിയെന്നാരോപിച്ചാണ് ജോസഫിനെതിരേ എറണാകുളം വിജിലൻസ് യൂണിറ്റ് കേസെടുത്തത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2003 ജനുവരിയിൽ സസ്‌പെൻഷനിലായ ജോസഫ് സർവീസിൽ തിരിച്ചെത്താതെ വിരമിച്ചു. നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷം, കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. ജോസഫിനായി അഡ്വ.എൻ.പി. തങ്കച്ചൻ ഹാജരായി.
വിജിലൻസിന്
രൂക്ഷവിമർശനം
ഓഡിറ്റ് റിപ്പോർട്ട് സ്വന്തം നിലയിൽ പരിശോധിക്കാതെയും സത്യാവസ്ഥ സ്ഥിരീകരിക്കാതെയുമാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അടിസ്ഥാന രേഖകളില്ലാതെ സാമ്പത്തിക നഷ്ടം തെളിയിക്കാൻ കഴിയില്ല. പഞ്ചായത്തിന് നഷ്ടമുണ്ടായെന്ന് തെളിയിക്കാൻ നിർണായകമായ രസീത് രജിസ്റ്ററോ മിനിറ്റ്‌സ് ബുക്കോ ഹാജരാക്കാനായില്ല.ഓഡിറ്റ് റിപ്പോർട്ടിന്റെ വിശ്വാസ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. റിപ്പോർട്ട് തയ്യാറാക്കിയ സാക്ഷി ബന്ധപ്പെട്ട കാലയളവിൽ അതേ പഞ്ചായത്തിൽ ജോലി ചെയ്തിരുന്നയാളാണ്. പ്രതികളും ലേലക്കാരുമായി ഗൂഢാലോചന നടത്തിയതിനും തെളിവില്ല. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മണൽ ലേലക്കാരെ പിന്നീട് ഒഴിവാക്കിയതും കേസ് ദുർബലമാക്കിയതായി കോടതി വിലയിരുത്തി.വിജിലൻസ് അധികാരികൾക്കെതിരെ
നടപടിയും ,നഷ്ട പരിഹാരവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം പരാതി നൽകുമെന്ന്
കെ .എ. ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |