SignIn
Kerala Kaumudi Online
Saturday, 18 July 2026 1.47 AM IST

പെൺകുട്ടിയെ വിവാഹം ചെയ്ത് നൽകിയില്ല; അച്ഛനും മകനും അതിക്രൂര പീ‌ഡനം

anil

 ചങ്ങലയ്ക്ക് ബന്ധിച്ച് ശരീരത്തിൽ പടക്കം കെട്ടി
 രക്ഷപ്പെട്ട അക്രമികൾക്കായി തെരച്ചിൽ

കിളിമാനൂർ: മകളെ വിവാഹം കഴിപ്പിച്ച് നൽകാത്തതിന് ഗുണ്ടയും കൂട്ടാളികളും ഗൃഹനാഥനെയും മകനെയും ആൾതാമസമില്ലാത്ത വീട്ടിൽ വിളിച്ചുവരുത്തി അതിക്രൂരമായി മർദ്ദിച്ചു. ഇടിമുറി സജ്ജീകരിച്ച വീട്ടിൽ ചങ്ങലയിൽ ബന്ധിച്ചും പ്ളെയർ കൊണ്ടു പരിക്കേൽപ്പിച്ചുമായിരുന്നു പീഡനം. ഗൃഹനാഥന്റെ ശരീരത്തിൽ പടക്കം കെട്ടിവച്ച് കൊല്ലുമെന്ന് ഭീഷണിയും മുഴക്കി. കിളിമാനൂർ വെള്ളല്ലൂരിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽകുമാർ (51) മകൻ അച്ചു (20) എന്നിവരെയാണ് കൊല്ലാക്കൊല ചെയ്തത്. മൃതപ്രായനായ അനിൽകുമാറിനെ കിളിമാനൂർ പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം രക്ഷപ്പെട്ട വെള്ളല്ലൂർ പുളിയറക്കോണം വീട്ടിൽ സുധീഷിനെയും നാല് സുഹൃത്തുക്കളെയും പിടികൂടാനായില്ല.

ക്രൈം സിനിമകളെ വെല്ലുന്ന രീതിയിലായിരുന്നു അക്രമികളുടെ വിളയാട്ടം. രണ്ടു വർഷം മുമ്പ് അനിൽകുമാറിന്റെ മകളെ വിവാഹം ആലോചിച്ച് സുധീഷ് എത്തിയിരുന്നു. എന്നാൽ സുധീഷിന്റെ ക്രിമിനൽ പശ്ചാത്തലം മനസിലാക്കിയ കുടുംബം വിവാഹത്തിന് തയ്യാറായില്ല. സ്വന്തം പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിനുൾപ്പെടെ ഇയാൾക്കെതിരെ കേസുണ്ട്. മദ്യപിച്ച് അടിപിടിയും പതിവാണ്. കൊല്ലം കുമ്മിൾ സ്വദേശിയായ ഇയാൾ അമ്മയുമായി പിണങ്ങി അമ്മൂമ്മയ്ക്കൊപ്പം വെള്ളല്ലൂരിൽ കഴിയുകയാണ്. മറ്റൊരാളുമായി പെൺകുട്ടിയുടെ വിവാഹ നിശ്ചയം അടുത്തമാസം നടക്കുമെന്നറിഞ്ഞ സുധീഷ് പകവീട്ടാൻ പദ്ധതി തയ്യാറാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മേസ്തിരിപ്പണിക്കെന്ന്

വിശ്വസിപ്പിച്ച്

വിളിച്ചുവരുത്തി

മേസ്തിരി പണിക്കാരനായ അനിൽകുമാറിനെ വ്യാഴാഴ്ച രാവിലെ ഷംനാദ് എന്ന് പരിചയപ്പെടുത്തി ഒരാൾ ഫോണിൽ വിളിച്ച് വെള്ളല്ലൂരുള്ള വീട്ടിൽ ജോലിയുണ്ടെന്നും എത്തണമെന്നും അറിയിച്ചു. സ്‌കൂട്ടറിൽ എത്തിയ അനിൽകുമാറിനെ വീട്ടിൽ കയറ്റി ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു. തുടർന്ന് ചങ്ങലയിൽ ബന്ധിച്ച് ബോധം മറയുംവരെ മർദ്ദിച്ചു. ശബ്ദം പുറത്ത് വരാതിരിക്കാൻ ഗ്ലാസ് പാളികൾ കൊണ്ടാണ് ഇടിമുറി സജ്ജീകരിച്ചിരുന്നത്. പിന്നാലെ അനിൽകുമാറിന് അപകടം പറ്റിയെന്ന് മകൻ അച്ചുവിനെ ഫോണിൽ വിളിച്ചറിയിച്ചു. വർക്കലയിലെ വർക്ക് ഷോപ്പിലാണ് അച്ചുവിന് ജോലി. അനിൽകുമാറിന്റെ സ്‌കൂട്ടറിൽ പ്രതികളിലൊരാളെത്തി അച്ചുവിനെ കൂട്ടിക്കൊണ്ടുവന്നു. പിതാവിനെ കണ്ട് നിലവിളിക്കാൻ ശ്രമിച്ചെങ്കിലും വായപൊത്തി മർദ്ദിച്ചു. പ്ലെയർ കൊണ്ട് വിരലുകളിൽ മുറിവേൽപ്പിച്ചു. അമ്മയെയും കൊണ്ടുവന്നില്ലെങ്കിൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് അക്രമികളിലൊരാൾ അച്ചുവുമായി വടശേരിക്കോണത്തെ ഇവരുടെ വീട്ടിലെത്തി. പുറത്തു കാത്തുനിൽക്കാൻ പറഞ്ഞ് വീട്ടിൽകയറിയ അച്ചു വിവരം അമ്മ സ്വപ്നയോട് പറഞ്ഞു. സ്വപ്ന മൊബൈൽലിൽ വാർഡ് മെമ്പറെ വിവരം അറിയിച്ചു. അപകടം മണത്തതോടെ അക്രമി കടന്നുകളഞ്ഞു. രാത്രിയോടെ അച്ചു വർക്കല പൊലീസുമായി അക്രമസ്ഥലത്ത് എത്തുമ്പോൾ ഗുണ്ടാസംഘം രക്ഷപ്പെട്ടിരുന്നു. ഫോറൻസിക് വിഭാഗവും,ബോംബ് , ഡോഗ് സ്‌ക്വാഡും ഇടിമുറി വീട്ടിൽ പരിശോധന നടത്തി. സുധീഷിന്റെ അമ്മൂമ്മയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA