SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

പിഴ ഒടുക്കാത്തവ‌ർ ബ്ലാക്ക് ലിസ്റ്റിലേക്ക്

camera

കൊച്ചി: എ.ഐ ക്യാമറ വഴി പിഴ ലഭിച്ചവർക്കായി പ്രഖ്യാപിച്ച പകുതിപ്പിഴ ആനുകൂല്യം ജില്ലയിൽ പകുതിയിലധികം പേരും പ്രയോജനപ്പെടുത്തിയില്ല. അരലക്ഷത്തിലേറെ പേരാണ് എ.ഐ ക്യാമറ പിടികൂടിയ നിയമലംഘനങ്ങൾക്ക് ഇനിയും പിഴയടയ്ക്കാനുള്ളത്. ഇത്രയും വലിയ ഇളവ് നൽകിയിട്ടും പിഴയടയ്ക്കാൻ മടിച്ചവരുടെ വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് മോട്ടോർ വാഹന വകുപ്പിന്റെ ആലോചനയിലുണ്ട്. കരിമ്പട്ടികയിൽ ഉൾപ്പെട്ടാൽ ഫിറ്റ്‌നസ്, ടാക്‌സ് തുടങ്ങിയ സേവനങ്ങൾ തടയും. പഴയ പിഴത്തുക പൂർണമായി അടച്ചുതീർത്താൽ മാത്രമേ പട്ടികയിൽ നിന്ന് ഒഴിവാകൂ.

നിലവിൽ അദാലത്ത് അവസാനിച്ച സാഹചര്യത്തിൽ ഇനി പിഴത്തുകയിൽ ഇളവ് ലഭിക്കില്ല. ഒരുമാസം കൂടി അദാലത്ത് നീട്ടണമെന്ന ആവശ്യം മോട്ടോർ വാഹന വകുപ്പിന്റെ മുന്നിലുണ്ട്. ഇത് നടപ്പിലായാൽ വൻ പിഴയൊടുക്കലിൽ നിന്ന് തലയൂരാനാകും. 'അമ്‌നസ്റ്റി സ്കീം 2024" എന്ന് പേരിട്ട ഇ-ചെല്ലാൻ അദാലത്തിൽ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ് പരിധിയിൽ മാത്രം 51,000 കേസുകളാണ് തീർപ്പാക്കിയത്. സർക്കാരിലേക്ക് പിഴയിനത്തിൽ 2.5 കോടി രൂപ ലഭിച്ചു.

 പകുതി ആശ്വാസം

2024 ഡിസംബർ 31 വരെയുള്ള നിയമലംഘനങ്ങൾക്കാണ് ഇളവ് അനുവദിച്ചത്. സാധാരണയായി കോടതിയിലെത്തുന്ന കേസുകളിൽ ഇളവ് ലഭിക്കാറില്ലെങ്കിലും പ്രത്യേക അനുമതിയോടെ ഇത്തരം കേസുകളും തീർപ്പാക്കാൻ സൗകര്യമൊരുക്കിയിരുന്നു. വാഹനം വിറ്റിട്ടും ഉടമസ്ഥാവകാശം മാറ്റാത്തതിനാൽ പഴയ ഉടമകളുടെ പേരിൽ കുമിഞ്ഞുകൂടിയ കേസുകളും അദാലത്തിൽ പരിഗണിച്ചു. അഞ്ചുകോടി രൂപ ലഭിക്കേണ്ട കേസുകളാണ് അദാലത്തിലൂടെ പകുതി തുകയ്ക്ക് തീർപ്പാക്കിയത്. വർഷങ്ങളായി പിഴയടയ്ക്കാതെ കെട്ടിക്കിടന്ന ചെല്ലാനുകളിൽ നിശ്ചിത ശതമാനം കുറഞ്ഞതിൽ ഉദ്യോഗസ്ഥർക്കും ആശ്വാസം.

ക്യാമറകളും വാഹന പരിശോധനകളും വഴി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ വർദ്ധിക്കുന്നത് ഒഴിവാക്കുകയായിരുന്നു അദാലത്ത് ലക്ഷ്യമിട്ടത്. അദാലത്ത് ജനങ്ങൾക്ക് ഇത് വലിയൊരു സാമ്പത്തിക ആശ്വാസമായി മാറി

മോട്ടോർ വാഹനവകുപ്പ്

 എ.ഐ ക്യാമറ പദ്ധതി

പദ്ധതി തുടങ്ങിയത് 2023 ജൂൺ 03
ക്യാമറകൾ 726
 ദേശീയപാത നിർമാണം നടക്കുന്നതിനാൽ 40 ക്യാമറകൾ നീക്കംചെയ്തു
ദിവസം 12,000 -15,000 നിയമലംഘനങ്ങൾ
ക്യാമറകൾ വന്നശേഷം അപകടമരണനിരക്ക് കുറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL