ചെലവ് കുതിക്കുന്നു; പ്രതിസന്ധിയിൽ തൊഴിലാളികൾ
തൃപ്പൂണിത്തുറ: ഓൺലൈൻ ടാക്സികളുടെ വ്യാപനവും ഇന്ധനവില വർദ്ധനയും മൂലം തൃപ്പൂണിത്തുറയിലെയും സമീപപ്രദേശങ്ങളിലെയും ഓട്ടോറിക്ഷ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ആശുപത്രി എന്നിവിടങ്ങളിൽ മുൻപ് ഓട്ടോറിക്ഷകളെ ആശ്രയിച്ചിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇപ്പോൾ മൊബൈൽ ആപ്പുകൾ വഴി ടാക്സി വിളിക്കുന്നതാണ് തിരിച്ചടിയായത്. ഇന്ധനവിലയ്ക്ക് പുറമെ ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് പുതുക്കൽ, റോഡ് ടാക്സ്, അറ്റകുറ്റപ്പണി എന്നിവയ്ക്കായി വലിയ തുക ചെലവാകുന്നുണ്ട്.
വായ്പാ തിരിച്ചടവും കുടുംബച്ചെലവുകളും കണ്ടെത്താനാകാതെ തൊഴിലാളികൾ ബുദ്ധിമുട്ടുന്നു. മഴസമയത്തും അർദ്ധരാത്രിയിലും അടിയന്തര സാഹചര്യങ്ങളിലും ഓട്ടോറിക്ഷകൾ നൽകുന്ന സേവനം പരിഗണിക്കപ്പെടുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. ഓൺലൈൻ ടാക്സികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഓട്ടോറിക്ഷാ മേഖലയ്ക്കും ബാധകമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
■ ആവശ്യങ്ങൾ
ഓട്ടോറിക്ഷാ മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം
ഇന്ധന സബ്സിഡി, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക
കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കുക
വാഹന നവീകരണ സഹായം, സ്റ്റാൻഡുകളുടെ നവീകരണം, ഡിജിറ്റൽ ബുക്കിംഗ് സംവിധാനങ്ങളിൽ ഓട്ടോറിക്ഷകളെ ഉൾപ്പെടുത്തുക
എല്ലാത്തിനും വില കുതിച്ചുയരുമ്പോഴും നാല് വർഷം മുമ്പ് നിശ്ചയിച്ച 30 രൂപ മിനിമം ചാർജിലാണ് ഇപ്പോഴും ഓട്ടം. മിനിമം ഓട്ടോനിരക്ക് കുറഞ്ഞത് 50 രൂപയെങ്കിലുമാക്കി സർക്കാർ അടിയന്തരമായി പുതുക്കി നിശ്ചയിക്കണം. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇനിയെങ്കിലും അടിയന്തരഇടപെടൽ വേണം.
അനീഷ് കെ.പി,
സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ
ആമ്പല്ലൂർ മേഖല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |