ആലുവ: വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ റവന്യു വകുപ്പ് സർവേ നടത്തി തിരിച്ചുപിടിച്ച കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഓഞ്ഞിത്തോടിന്റെ തീരത്ത് നിന്ന് 25 ഓളം വൻ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ വിവാദം ശക്തമാകുന്നു. ഭരണ - പ്രതിപക്ഷ കക്ഷികളും പൊലീസും പ്രതികളെ പിടികൂടാൻ വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ എട്ടിന് 13-ാം വാർഡ് മെമ്പർ ഉമ്മർ ഫറൂറിന്റെ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി ബിനാനിപുരം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസും പഞ്ചായത്തും തുടർ നടപടികൾ മന്ദഗതിയിലാക്കിയെന്നാണ് ആരോപണം. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തായിട്ടും എൽ.ഡി.എഫും വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നപ്പോഴാണ് പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയത്.
പരാതിയെ തുടർന്ന് പൊലീസും പഞ്ചായത്ത് അധികൃതരും തൊട്ടടുത്ത ദിവസം സ്ഥലം സന്ദർശിച്ചപ്പോൾ വെട്ടിയിട്ട മരം മുറിക്കുന്ന ജോലികൾ നടക്കുന്നുണ്ടായിരുന്നു. ചില യന്ത്രങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മരം വെട്ടാൻ ഏൽപ്പിച്ചയാളെ പിടികൂടാൻ ശ്രമിച്ചില്ല.
ഒമ്പത് കിലോമീറ്ററോളം വരുന്ന ഓഞ്ഞിത്തോടിന്റെ അഞ്ച് കിലോമീറ്ററും കടന്നുപോകുന്നത് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലൂടെയാണ്. സമീപപ്രദേശത്തുള്ളവർ തോടിന്റെ തീരം കൈയേറിയതിനെതിരെ ഓഞ്ഞിത്തോട് സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചാണ് റീസർവേ നടത്താൻ നടപടിയെടുപ്പിച്ചത്. മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ തിരിച്ചുപിടിച്ച ഭൂമിയിൽ നിന്നുമാണ് പ്ളാവ്, മാവ്, ആഞ്ഞിലി എന്നിവ ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയത്.
മരം മുറിച്ചയാൾ സി.പി.എം അനുഭാവിയാണെന്നും നേരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. അതിനാലാണ് വിഷയത്തിൽ സി.പി.എം മൗനം പാലിക്കുന്നതെന്നാണ് ആരോപണം
മരം മുറിച്ചയാളെ തിരിച്ചറിഞ്ഞു. പ്രതി മൂൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്ന് സംശയമുണ്ട്. കടുങ്ങല്ലൂർ കുപ്പശേരി അബ്ദുൾ നാസറാണ് മരം മുറിക്കാൻ തൊഴിലാളികളെ ചുമതലപ്പെടുത്തിയത്. ഇയാളെ തേടി പൊലീസ് ഇന്നലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നിയമപരമായ നടപടി സ്വീകരിക്കും
ഇൻസ്പെക്ടർ,
ബിനാനിപുരം പൊലീസ്
ഓഞ്ഞിത്തോട്ടിലെ മരം മുറി വിവാദം, എടയാറ്റുചാൽ സംരക്ഷണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് 20ന് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
അബൂബക്കർ,
സി.പി.എം, ഏരിയ
കമ്മിറ്റി അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |