കൊച്ചി: പാർട്ടി പ്രവർത്തകരിലെ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് വിപണിയൊരുക്കി രാഷ്ട്രീയരംഗത്ത് പുതിയ മാതൃകയുമായി ഭാരത് ധർമ്മജന സേന. പാർട്ടി ഭാരവാഹികളായ സംരംഭകരുടെ ഉത്പന്നങ്ങളാണ് വിറ്റഴിക്കാൻ ജില്ലാകമ്മിറ്റി സഹായിക്കുന്നത്.
പദ്ധതിയുടെ തുടക്കമെന്ന നിലയിൽ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് ഉത്പാദിപ്പിക്കുന്ന ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ വിതരണം ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. വിജയന് ആദ്യബോട്ടിൽ നൽകി സംസ്ഥാന കമ്മിറ്റിയംഗം ഷൈൻ കൂട്ടുങ്ങൽ ഉദ്ഘാടനം ചെയ്തു.
ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിനാണ് മുൻതൂക്കം. പൊതുവിപണിയേക്കാൾ വില ഇളവും നൽകും. പാർട്ടി വേദികളിലും കമ്മിറ്റി യോഗങ്ങളിലും വെളിച്ചെണ്ണ എത്തിച്ചുനൽകേണ്ട ചുമതല ഉത്പാദകനാണ്. ലാഭത്തിന്റെ ചെറിയൊരു വിഹിതം പാർട്ടി പ്രവർത്തനത്തിനായി വിനിയോഗിക്കും. വെളിച്ചെണ്ണയ്ക്ക് പുറമേ തേവര ഏരിയാ പ്രസിഡന്റ് എം.വി. വിജയൻ ഉത്പാദിപ്പിക്കുന്ന തുകൽ ചെരുപ്പും ഇതേരീതിയിൽ വില്പന നടത്തുന്നുണ്ട്.
വ്യാപാരസ്ഥാപനങ്ങൾക്ക് ആവശ്യമായ ബോർഡുകൾ നിർമ്മിച്ചുനൽകുന്ന ചേരാനല്ലൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഐ. ശശിധരൻ, പരസ്യബോർഡുകൾ ഡിസൈൻ ചെയ്യുന്ന ജില്ലാകമ്മിറ്റി അംഗം ഉമേഷ് ഉല്ലാസ് എന്നിവർക്കും പാർട്ടി പിന്തുണ നൽകുന്നുണ്ട്. പ്രവർത്തകരുടെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക, അതോടൊപ്പം അണികളുടെ ആത്മവിശ്വാസവും സംതൃപ്തിയും സന്തോഷവും വർദ്ധിപ്പിച്ച് പുതിയൊരു രാഷ്ട്രീയ സംസ്കാരം കെട്ടിപ്പെടുക്കുക എന്നതാണ് ബി.ഡി.ജെ.എസിന്റെ ലക്ഷ്യം.
പണപ്പിരിവ് നടത്താതെ സ്വന്തം വരുമാനം കൊണ്ട് സാമൂഹ്യസേവനം ചെയ്ത് കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് പുതിയ മാതൃകയാവുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ പ്രവർത്തകരെ സംരംഭകരാക്കാനും പദ്ധതിയുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങളും വസ്ത്രവും മറ്റ് നിത്യോപയോഗ സാധനങ്ങളുമൊക്കെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യും.
കെ.കെ. പീതാംബരൻ,
ജില്ല ജനറൽ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |