SignIn
Kerala Kaumudi Online
Sunday, 01 November 2026 1.56 AM IST

ജവാനെ കണ്ടെത്താൻ ഒടുവിൽ സിബിഐ

subash
സുഭാഷ് ചന്ദ്രബോസ്

കൊച്ചി: അർദ്ധസൈനികനായ മകന്റെ തിരോധാനത്തിന് പിന്നിലെ നിഗൂഢതയുടെ മറനീക്കാൻ 15 കൊല്ലമായുള്ള പിതാവിന്റെ പോരാട്ടത്തിന് മുന്നിൽ സി.ബി.ഐ ഒടുവിൽ മുട്ടുമടക്കി. അന്വേഷണം ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത സി.ബി.ഐ ബുധനാഴ്ച എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചതോടെ റെയിൽവേ പൊലീസ് എഴുതി തള്ളിയ കേസിന് വീണ്ടും ജീവൻ വയ്ക്കുന്നു.

ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ മൂന്നാം ബറ്റാലിയനിൽ റൈഫിൾമാനായിരുന്ന മകൻ സുഭാഷ് ചന്ദ്രബോസിനെ (27) പെരുമ്പാവൂർ വേങ്ങൂർ തൂങ്ങാലി പുത്തൻകുടി വീട്ടിൽ പി.കെ. ബാലൻ ഏറ്റവുമൊടുവിൽ കാണുന്നത് 2012 ഏപ്രിൽ 4നാണ്. അന്വേഷണം എവിടെയും എത്താതിരുന്നതിനാൽ അഗർത്തല ഡി.ജി.പി, എറണാകുളം റേഞ്ച് ഐ.ജി ത്രിപുര റൈഫിൾസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങി ബാലൻ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

2012 ഏപ്രിൽ 4ന് രാത്രി 9.30

അവധിക്ക് ശേഷം ത്രിപുരയിലെ ജോലി സ്ഥലത്തേക്ക് പോകാൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12507 ഗുവാഹത്തി എക്‌സ്‌പ്രസ് ട്രെയിനിന്റെ ജനറൽ കോച്ചിൽ കയറിയ മകനൊപ്പം ബാലനും ഉണ്ടായിരുന്നു. പിതാവ് ആലുവ സ്റ്റേഷനിലിറങ്ങിയപ്പോൾ കൈവീശിയ മകന്റെ രൂപം 74 കാരനായ ബാലന്റെ മനസിൽ ഇപ്പോഴുമുണ്ട്.

2012 ഏപ്രിൽ 5ന്

ഏപ്രിൽ 5ന് രാത്രി വിശാഖപട്ടണത്ത് ട്രെയിൻ എത്തിയപ്പോൾ മാതാവ് ലക്ഷ്മിയെ വിളിച്ചിരുന്നു. നാട്ടിൽ വന്നപ്പോൾ മൊബൈൽ ഫോൺ കൈമോശം വന്നതിനാൽ മറ്റൊരു മൊബൈലിൽ നിന്നായിരുന്നു വിളി.

2012 ഏപ്രിൽ 6ന്

അന്നേദിവസം ഒരു തവണ കൂടി വിളിയെത്തി. തനിക്ക് സുഖമില്ലെന്നും പേടിക്കേണ്ടെന്നും ജോലി സ്ഥലത്ത് എത്തുമെന്നും പറഞ്ഞു. പിന്നീട് സുഭാഷ് വിളിച്ചില്ല.

2012 ഏപ്രിൽ 10ന്

ഏപ്രിൽ 10ന് ത്രിപുര റൈഫിൾസിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മകൻ ജോലിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അറിയുന്നത്.

2012 ഏപ്രിൽ 13ന്

കാണാതായതിന് കേസെടുത്ത എറണാകുളം റെയിൽവേ പൊലീസ് ദിവസങ്ങൾക്കകം കേസ് വിശാഖപട്ടണം റെയിൽവേ പൊലീസിന് കൈമാറി കൈകഴുകി.

സി.ബി.ഐയ്ക്ക് വിമർശനം

കാലപ്പഴക്കമേറിയ കേസിൽ ഇനി ഒന്നും ചെയ്യാനില്ലെന്നും കാണാതായത് അന്ധ്രയ്ക്കും ത്രിപുരയ്ക്കും ഇടയിലായതിനാൽ കേസ് കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്നുമുള്ള സി.ബി.ഐ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദങ്ങൾ തള്ളിയാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. രാജ്യത്തെ സംരക്ഷിക്കാൻ പോരാടുന്ന സൈനികന് എന്തു പറ്റിയെന്നറിയാൻ കുടുംബം നടത്തുന്ന പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡ്വ. സൂരജ് ടി. ഇലഞ്ഞിക്കലാണ് ബാലന് വേണ്ടി ഹാജരായത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

കാത്തിരിപ്പോടെ ബാലൻ

മേസ്‌തിരി പണിക്കാരനായിരുന്ന ബാലനും കുടുംബവും ഇപ്പോൾ ജീവിക്കുന്നത് ക്ഷേമപെൻഷന്റെയും മകന്റെ ആനുകൂല്യങ്ങളുടെയും തണലിലാണ്. മൂത്ത മകൾ സ്വപ്ന രോഗബാധിതയാണ്. തൃപ്പൂണിത്തുറയിൽ നടന്ന റിക്രൂട്ട്മെന്റിലാണ് 20 വയസുള്ള സുഭാഷ് ചന്ദ്രബോസ് ത്രിപുര റൈഫിൾസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, INVESTIGATION, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY