
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ഹണിട്രാപ്പിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ എഴുപുന്ന ലാജുനിലയത്തിൽ എൽ.എസ് ലയോളയാണ് (45) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. കലൂർ കതൃക്കടവ് പാലത്തിന് സമീപം ലയോള നടത്തിയിരുന്ന ‘മെറാക്ക് ടൂർസ് ആൻഡ് ട്രാവൽസ്’ സ്ഥാപനത്തിന്റെ മറവിലായിരുന്നു തൊഴിൽതട്ടിപ്പ്. വിദേശത്ത് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകളിട്ടാണ് ഉദ്യോഗാർത്ഥികളെ കെണിയിൽപ്പെടുത്തിയത്.
ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് അപേക്ഷിച്ച പാലക്കാട് സ്വദേശി കെ. വിനോദിൽ (36) നിന്നാണ് ലയോളയും സംഘവും 5.50 ലക്ഷം രൂപ തട്ടിയെടുത്തത്. സിംഗപ്പൂരിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ മാസം 1.10 ലക്ഷം രൂപ ശമ്പളത്തോടെ ജോലി തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. സ്വർണം പണയപ്പെടുത്തിയും ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയും മേയ് 17 മുതൽ ജൂൺ 30വരെ കാലയളവിലായിട്ടാണ് 5.50 ലക്ഷം രൂപ വിനോദ് കൈമാറിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലും ഗൂഗിൾ പേ നമ്പരുകളിലുമാണ് പണം അയച്ചു കൊടുത്തത്.
ഫോട്ടോ മോർഫ് ചെയ്ത് പുറത്തുവിടുമെന്ന് ഭീഷണി
ആഴ്ചകൾ കഴിഞ്ഞിട്ടും ജോലി കിട്ടാതിരുന്നതിനാൽ വിനോദ് പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് ഹണിട്രാപ്പിൽ പെടുത്തുമെന്ന് യുവതി ഭീഷണിപ്പെടുത്തിയത്. ഭാര്യയുമായുള്ള വിനോദിന്റെ ഫെയ്സ്ബുക്കിലെ ഫോട്ടോ ഡൗൺലോഡ് ചെയ്ത് വാട്സാപ്പിൽ വിനോദിന് അയച്ചു കൊടുത്ത ശേഷം ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും ഭീഷണി മുഴക്കി. തുടർന്നാണ് നോർത്ത് പൊലീസിന് പരാതി നൽകിയത്.
കേസെടുത്തതോടെ ലയോളയും സ്ഥാപനത്തിലെ ജീവനക്കാരായ എഴുപുന്ന സ്വദേശികൾ ബൈജു, മകൻ റാസിൻ, സൗരവ് എന്നിവരും ഒളിവിൽ പോയി. കതൃക്കടവിൽ നിന്ന് നോർത്ത് എസ്.എച്ച്.ഒ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് ലയോളയെ പിടികൂടിയത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനം പൊലീസ് റെയ്ഡ് ചെയ്ത് അടപ്പിച്ചിരുന്നു. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും ലയോളക്കെതിരെ തട്ടിപ്പ് കേസുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |