SignIn
Kerala Kaumudi Online
Monday, 03 August 2026 2.34 AM IST

കുരീക്കാട് ഫ്ലാറ്റ് സമുച്ചയം ഭീതിയുടെ കേന്ദ്രമാകുന്നു

j

കുരീക്കാട്: കുരീക്കാട് - പുതിയകാവ് മേഖലയിൽ വർഷങ്ങളായി നിർമ്മാണം നിലച്ച് കാടുപിടിച്ച അഞ്ചുനില ഫ്ലാറ്റ് സമുച്ചയം ജനങ്ങൾക്ക് ഭീഷണിയാകുന്നു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് 17-ാം വാർഡിലെ ഈ കെട്ടിടത്തിൽ ഭിന്നശേഷിക്കാരനായ മകനും 50ലേറെ തെരുവുനായകൾക്കുമൊപ്പം ഒരു സ്ത്രീ താമസിക്കുന്നത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പനോരമ ഗ്രൂപ്പ് ആരംഭിച്ച പദ്ധതി സാമ്പത്തിക പ്രതിസന്ധിമൂലം നിലയ്ക്കുകയും പിന്നീട് മറ്റൊരുവ്യക്തി ഏറ്റെടുത്തിട്ടും നിർമ്മാണം പുനരാരംഭിക്കാതിരിക്കുകയുമായിരുന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് സ്ത്രീയും നായ്ക്കളും കഴിയുന്നത്. സന്ധ്യകഴിഞ്ഞാൽ കുരീക്കാട് - പുതിയകാവ് റോഡിലൂടെയുള്ള യാത്ര അപകടകരമാണെന്നും കൈയിൽ സഞ്ചിയുമായി പോകുന്നവരെ നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. വിദ്യാർത്ഥി ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

ജനപ്രതിനിധികൾ പലതവണ ആവശ്യപ്പെട്ടിട്ടും സ്ത്രീ ഒഴിഞ്ഞുപോകാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. കാടുപിടിച്ച പരിസരത്ത് സാമൂഹ്യവിരുദ്ധരും ലഹരിസംഘങ്ങളും തമ്പടിക്കുന്നതായും ആരോപണമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഫ്ലാറ്റിന്റെ നിലവിലെ ഉടമ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. പഞ്ചായത്ത് രേഖകളിലും ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പകൽ സമയങ്ങളിൽ സ്ത്രീയെ പുറത്തുകാണാറില്ലാത്തതിനാൽ അവരുമായി നേരിട്ട് സംസാരിക്കാനും സാധിച്ചിട്ടില്ല. ഫ്ലാറ്റ് പരിസരം വൃത്തിയാക്കുന്നതിനായി ജെ.സി.ബിയുമായി എത്തിയപ്പോഴും നായ്ക്കളുടെ ആക്രമണഭീഷണിമൂലം പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല.

നീതു, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് അംഗം

തെരുവുനായകളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ ഫ്ലാറ്റ് പരിസരത്തേക്ക് പ്രവേശിക്കാൻപോലും ഭയമാണ്. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ സാന്നിദ്ധ്യവും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ആലോചിച്ചുവരികയാണ്.

രാജു എൻ.ഡി, പ്രസിഡന്റ്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL