
ഡെങ്കിപ്പനി ബാധിതർ കൂടുതൽ ഇൻഫ്ലുവൻസയിൽ കുതിപ്പ്
കൊച്ചി: പനിവ്യാപനം രൂക്ഷമാകുന്നതിനിടെ ജില്ലയിൽ ഇൻഫ്ലുവൻസ, ഡെങ്കിപ്പനി കേസുകളിൽ വർദ്ധനവ്. ഈമാസം 5മുതൽ 11 വരെയുള്ള ദിവസങ്ങളിലെ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 206 പേർക്ക് ഇൻഫ്ലുവൻസയും 238 പേർക്ക് ഡെങ്കിപ്പനിയും 26 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇതേ കാലയളവിൽ 5,297 പേർ വിവിധ പനികൾ ബാധിച്ച് ചികിത്സതേടി. ഈമാസം 5ന് 39, 6ന് 56, 7ന് 25, 8ന് 35, 9ന് 29, 10ന് 5, 11ന് 49 എന്നിങ്ങനെയാണ് ഡെങ്കിപ്പനിക്കേസുകൾ.
ഡെങ്കിപ്പനിക്ക് പിന്നാലെ ഇൻഫ്ലുവൻസയാണ് കൂടുതൽ ആശങ്ക. 5 മുതൽ 11 വരെ യഥാക്രമം 29, 27, 32, 29, 26, 10, 53 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഏഴുദിവസത്തിലായി 206കേസുകൾ. പ്രത്യേകിച്ച് 11ന് മാത്രം 53കേസുകൾ റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവൻസയിൽ മരണവും ജില്ലയിൽ രേഖപ്പെടുത്തി. ആഗസ്റ്റ് 8ന് പിണ്ടിമന സ്വദേശിയായ 74കാരന്റെ എച്ച് വൺ എൻവൺ മരണം രേഖപ്പെടുത്തി.
മഴക്കാലത്ത് വ്യാപിക്കുന്ന പ്രധാന വൈറസാണ് ഇൻഫ്ലുവൻസ. എച്ച് വൺ എൻവൺ, എച്ച് മൂന്ന് എൻ രണ്ട് തുടങ്ങിയ വിവിധ വൈറസുകളാണ് കാരണം. ബാക്ടീരിയ രോഗങ്ങൾക്കുള്ള ആന്റിബയോട്ടിക്കുകൾ കൊണ്ട് ഇൻഫ്ലുവൻസ ചികിത്സിക്കാനാകില്ല. നേരത്തെ തിരിച്ചറിഞ്ഞാൽ ആവശ്യമായ ആന്റിവൈറൽ ചികിത്സ നൽകി രോഗത്തിന്റെ തീവ്രത കുറക്കാം.
എലിപ്പനി കുറവ്, അപകടം കൂടുതൽ
എലിപ്പനി കേസുകൾ കുറവാണെങ്കിലും രോഗത്തിന്റെ ഗുരുതര സ്വഭാവം ആശങ്കപ്പെടുത്തുന്നു. ഏഴുദിവസത്തിനിടെ 26 കേസുകൾ റിപ്പോർട്ട് ചെയ്തു. 11ന് മാത്രം 11 കേസുകൾ. 10ന് എലിപ്പനി ബാധിച്ച് 41കാരൻ മരിച്ചു.
പനിബാധിതർ 5000 കടന്നു
പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയവരുടെ കണക്ക് ചേർത്താൽ ഏഴുദിവസത്തിൽ 5,297 പേർ ചികിത്സതേടി. ദിവസേന 885, 794, 849, 765, 276, 922, 806 എന്നിങ്ങനെയാണ് എറണാകുളത്തെ ഔട്ട്‌പേഷ്യന്റ്, ഇൻപേഷ്യന്റ് പനിക്കണക്കുകൾ.
ഹോട്ട് സ്പോട്ടുകൾ
ഡെങ്കിപ്പനി
കളമശേരി, ചൂർണിക്കര, ഏലൂർ, പള്ളുരുത്തി, ചമ്പക്കര, കടവന്ത്ര, നെടുമ്പാശേരി, എടത്തല, വാഴക്കുളം, പുതുവൈപ്പ്
എലിപ്പനി
കളമശേരി, പള്ളുരുത്തി, കടവന്ത്ര
സാധാരണ പരിശോധനകളിലൂടെ ഇൻഫ്ലുവൻസ തിരിച്ചറിയാനാകുമെന്നതിനാൽ രോഗലക്ഷണങ്ങൾ അവഗണിക്കരുത്. ഇൻഫ്ലുവൻസയെ പൂർണമായി തടയണമെന്നില്ലെങ്കിലും വാക്സിൻ ഗുരുതര രോഗാവസ്ഥയും മരണസാദ്ധ്യതയും കുറയ്ക്കാൻ സഹായിക്കും.
ഡോ. രാജീവ് ജയദേവൻ
ഐ.എം.എ റിസർച്ച് സെൽ കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |