SignIn
Kerala Kaumudi Online
Thursday, 17 September 2026 2.51 AM IST

അമ്പലമേട്ടിൽ 6 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പ്ളാന്റ്

fact

കൊച്ചി: പുറംവൈദ്യുതി ആശ്രിതത്വം കുറയ്ക്കാൻ ഫാക്ട്. അമ്പലമേട്ടിലെ സ്വന്തം ജലാശയത്തിൽ 6 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. ഫാക്ടിലെ പൈലറ്റ് പദ്ധതിയാണിത്. പദ്ധതിയുടെ പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ കരാർ നടപടികൾ പൂർത്തിയാകും. ആറുമാസത്തിനുള്ളിൽ നിർമ്മാണവും.

ബി.ഒ.ഒ.ടി മാതൃകയിലാണ് പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന സോളാർ പവർ ഡെവലപ്പർ സ്വന്തം ചെലവിൽ പദ്ധതി രൂപകല്പന ചെയ്ത് സ്ഥാപിക്കും. വർഷത്തിൽ കുറഞ്ഞത് 1.10 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 25 വർഷത്തേക്ക് ഫാക്ടിന് വൈദ്യുതി ലഭ്യമാക്കുന്ന രീതിയിലാണ് കരാർ.

6 മെഗാവാട്ട് വൈദ്യുതി ഫാക്ടിന്റെ മുഴുവൻ ആവശ്യവും നിറവേറ്റില്ല. എന്നാൽ ആവശ്യത്തിന്റെ ഒരു ഭാഗം സൗരോർജത്തിലൂടെ കണ്ടെത്താനാകും. ഫ്ലോട്ടിംഗ് സോളാറിന്റെ സാദ്ധ്യത വിലയിരുത്തിയ ശേഷം മറ്റ് ജലാശയങ്ങളിലും പദ്ധതി വ്യാപിപ്പിക്കുന്നത് പരിഗണിക്കും.

 കൂടുതൽ സൗരോ‌ർജ സാദ്ധ്യതയിലേക്ക്

സൗരോർജത്തിലേക്ക് കൂടുതൽ മാറുന്നതിന്റെ ഭാഗമായാണ് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയെയും ഉൾപ്പെടുത്തിയത്. ഫാക്ടിൽ ഇതിനകം വിവിധ സൗരോർജ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിന്റെ തുടർച്ചയായാണിത്. പൈലറ്റ് പദ്ധതിയുടെ പ്രവർത്തനഫലം നിർണായകമാകും. വൈദ്യുതി ഉത്പാദനം, പരിപാലനം, ചെലവ് എന്നിവ വിലയിരുത്തും.

 വെള്ളത്തിനുമുകളിൽ പാനലുകൾ

ഭൂമി ഉപയോഗിക്കാതെ ജലാശയത്തിന്റെ ഉപരിതലത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് ഫ്ലോട്ടിംഗ് സോളാർ പദ്ധതി. ജലത്തിന്റെ തണുപ്പിക്കൽ സ്വഭാവം പാനലുകളുടെ പ്രവർത്തനക്ഷമതയ്ക്ക് സഹായകരമാകാമെന്നും ജലത്തിന്റെ ബാഷ്പീകരണം കുറയ്ക്കാനും സംവിധാനത്തിന് കഴിയും. വലിയ ഭൂവിസ്തൃതി ആവശ്യപ്പെടാത്തതാണ് പ്രധാന നേട്ടം.

സംസ്ഥാനത്ത് വയനാട്ടിലെ ബാണാസുരസാഗറിൽ 0.5 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയും കായംകുളത്ത് എൻ.ടി.പി.സിയുടെ 92 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയും പ്രവർത്തനത്തിലാണ്. കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയും വികസിപ്പിച്ചുവരുന്നു.

ഫാക്ടിൽ പുതിയ പ്ലാന്റുകളും മറ്റ് വികസന പ്രവർത്തനങ്ങളും നടക്കുകയാണ്. ഇതോടെ വൈദ്യുതി ആവശ്യകത ഇനിയും ഉയരും. പരമ്പരാഗത വൈദ്യുതിക്ക് പുറമെ ബദൽ ഊർജസ്രോതസുകൾ കണ്ടെത്തേണ്ടതുണ്ട്.

ഫാക്ട്

അധികൃതർ

 പദ്ധതി: ഫ്ലോട്ടിംഗ് സോളാർ പി.വി

 ശേഷി: 6 മെഗാവാട്ട്

 സ്ഥലം : അമ്പലമേട്, ഫാക്ട് കൊച്ചിൻ ഡിവിഷൻ ജലാശയം

 ടെൻഡർ പൂർത്തിയായി

 സാങ്കേതിക പരിശോധന പുരോഗമിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL