കളമശേരി: കളമശേരി, ഏലൂർ നഗരസഭാ പ്രദേശങ്ങളിൽ ക്ഷേത്രമോഷണങ്ങൾ വർദ്ധിച്ചതോടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കഴിഞ്ഞ 24ന് പുലർച്ചെ 2 മണിയോടെ അലുപുരം കൂട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയ്ക്ക് മുന്നിലെ ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമം നടന്നു. സി.സി ടിവി ക്യാമറകൾ തിരിച്ചുവച്ച് നശിപ്പിക്കാനും മോഷ്‌ടാവ് മുതിർന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഭണ്ഡാരം തുറന്ന് മാസവരവ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ ബാഗിൽ ആയുധങ്ങളുമായി എത്തി ഭണ്ഡാരം തുറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സി.സി ടിവിയിൽ വ്യക്തമാണ്. മുൻപും മോഷണശ്രമങ്ങളുണ്ടായ ഇവിടെ പൊലീസ് പട്രോളിംഗ് ഇല്ലാത്തതും ജാഗ്രതക്കുറവുമാണ് മോഷണപരമ്പരയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഏലൂർ പൊലീസിൽ പരാതി നൽകി.
മോഷണ സംഭവങ്ങൾ പതിവായതോടെ മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ നിയമിച്ചു. മുട്ടാർ ഭുവനേശ്വരി ക്ഷേത്രത്തിൽ സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഏലൂർ നാറാണം ശ്രീകൃഷ്ണ ക്ഷേത്രം, പാട്ടുപുരയ്ക്കൽ ദേവിക്ഷേത്രം എന്നിവിടങ്ങളിൽ വാച്ചർമാർ ഉണ്ട്. ഏലൂർ വടക്കുംഭാഗം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ മൂന്നു വർഷം മുമ്പ് തൂക്കുവിളക്കുകൾ മോഷ്ടിക്കുകയും ഭണ്ഡാരം കുത്തി തുറക്കുകയും ചെയ്തതോടെ തകരാറിലായിരുന്ന സി.സി ടിവി ക്യാമറകൾ പ്രവർത്തന ക്ഷമമാക്കി. കിഴക്കും ഭാഗം ദേവിക്ഷേത്രത്തിൽ വർഷങ്ങൾക്ക് മുമ്പ് മുത്തപ്പന്റെ വിഗ്രഹം മോഷണം പോയിരുന്നു. ഇവിടെയും സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
മഞ്ഞുമ്മൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 26 ന് നടന്ന മോഷണത്തിൽ കള്ളന്റെ ചിത്രം സി.സി ടി.വി.യിൽ പതിഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇലഞ്ഞിക്കൽ മഹാദേവ ക്ഷേത്രത്തിൽ തുടർച്ചയായി അഞ്ചു ദിവസം കയറിയ കള്ളനെ തൊടുപുഴയിൽ നടന്ന മോഷണക്കേസ് അന്വേഷണത്തിനിടെ പിടികൂടിയിരുന്നു.
കളമശേരി ചുള്ളിക്കാവ് ശ്രീ ദുർഗാക്ഷേത്രത്തിലും കൂനംതൈ പുതുപള്ളിപ്രം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും നടന്ന മോഷണങ്ങളിലും പ്രതികളെ പിടികൂടിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |