
കൊച്ചി: കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയായ മുണ്ടംവേലി പി.ആൻഡ്.ടി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണത്തിലെ അഴിമതിയുടെ ചുരുളഴിക്കാൻ വിജിലൻസ് ഇറങ്ങും. അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ശുപാർശയിലാണിത്. ഫ്‌ളാറ്റ് പൊളിച്ചുനീക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന രാഷ്ട്രീയ വിവാദമായിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയെ അനുകൂലിച്ച് കോൺഗ്രസും എതിർത്ത് എൽ.ഡി.എഫും രംഗത്തെത്തി. ഇതിനിടെയാണ് വിജിലൻസ് അന്വേഷണത്തിനുള്ള തീരുമാനം.
2024ൽ കൈമാറിയ 86 ഫ്ളാറ്റുകളിൽ കക്കൂസിൽ നിന്നുള്ള മലിനജലവും മഴവെള്ളവും ഊർന്നിറങ്ങി താമസയോഗ്യമല്ലാത്ത അവസ്ഥയാണുള്ളത്. പ്രീഫാബ്രിക്കേറ്റഡ് ബ്ലോക്കുകളും സ്റ്റീൽ ഘടനകളും തമ്മിൽ ബന്ധിപ്പിച്ചതിലെ അപാകതയാണ് ചോർച്ചയ്ക്ക് കാരണമെന്ന് ഐ.ഐ.ടി മദ്രാസിന്റെ പരിശോധനയിൽ കണ്ടെത്തി. ബിഎസ് 3 മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണവും ഗുണനിലവാരമില്ലാത്ത സാമഗ്രികളുടെ ഉപയോഗവുമാണ് സ്ഥിതി വഷളാക്കിയത്.
നിലവിൽ 78 കുടുംബങ്ങളിലെ നാനൂറോളം അന്തേവാസികളാണ് രൂക്ഷമായ ആരോഗ്യഭീഷണിയിലും ദുരിതത്തിലും കഴിയുന്നത്.
2020 ഒക്ടോബർ 10നാണ് 86 ഫ്ളാറ്റുകൾ പണിയാൻ കരാറൊപ്പിട്ടത്. തുടക്കത്തിൽ 20 കോടി രൂപയായിരുന്ന പദ്ധതി അടങ്കൽ തുകയും സൗകര്യങ്ങളും വെട്ടിച്ചുരുക്കി 14.61 കോടിയായാണ് ജി.സി.ഡി.എ നിശ്ചയിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ വീടുകളുടെ എണ്ണം അനാവശ്യമായി കൂട്ടാനുള്ള നീക്കവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ചെലവ് ചുരുക്കി വേഗത്തിൽ പദ്ധതി പൂർത്തിയാക്കാനുള്ള സമ്മർദ്ദവുമാണ് നിർമ്മാണത്തിലെ അപാകതകൾക്ക് ഇടയാക്കിയതെന്നാണ് ആരോപണം, പ്രീഎൻജിനിയേഡ് നിർമ്മാണ രീതിയിൽ മുൻപരിചയമില്ലാത്ത ടി.ഡി.എൽ.സി കമ്പനിക്ക് മുൻകൂർ പരിശോധനയുമില്ലാതെയാണ് ജി.സി.ഡി.എ കരാർ നൽകിയത്.
ഇതാണ് പി. ആൻഡ്. ടി
എറണാകുളം കടവന്ത്രയിൽ പേരണ്ടൂർ കനാലിനോട് ചേർന്ന് കിടന്നിരുന്ന പുറമ്പോക്ക് ഭൂമിയിലാണ് 80കുടുംബങ്ങൾ പതിറ്റാണ്ടുകളായി താമസിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്ന് സ്ഥിതി ചെയ്തിരുന്നതിനാലാണ് 'പി. ആൻഡ് ടി കോളനി" എന്ന പേര് ലഭിച്ചത്. മഴക്കാലമായാൽ പേരണ്ടൂർ കനാലിൽ നിന്ന് വീടുകളിൽ വെള്ളംകയറി താമസിക്കാൻ കഴിയാത്ത അവസ്ഥയിലായതോടെയാണ് ഇവരുടെ പുനരധിവാസത്തിനായി മുണ്ടംവേലിയിൽ ഫ്ളാറ്റ് നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |