SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

വ്യക്തിഗത ചാമ്പ്യൻപട്ടം അദബിയക്ക് 'ഹാട്രിക്'

adabia
അദബിയ

കൊച്ചി: വ്യക്തിഗത ചാമ്പ്യൻപട്ടത്തിൽ അദബിയ ഫർഹാന് ഹാട്രിക് മുത്തം. 2024ലും കഴിഞ്ഞ വർഷവും ജൂനിയർ വിഭാഗത്തിൽ ചാമ്പ്യനായിരുന്നു കോതമംഗലം എം.എ. കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലിന്റെ താരം. ഇക്കുറി 100 മീറ്റർ ഓട്ടം, ട്രിപ്പിൾ ജമ്പ്, ലോംഗ്ജമ്പ് എന്നിവയിൽ സ്വർണം നേടിയാണ് ഹാട്രിക് തികച്ചത്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ട് താരങ്ങളും അദബിയക്കൊപ്പം ചാമ്പ്യൻപട്ടം നേടി. 400, 800 മീറ്റർ ഓട്ടം, 400 മീറ്റർ ഹർഡിൽസ് എന്നിവയിൽ ഒന്നാമതെത്തിയ കോതമംഗലം മാർ ബേസിലിലെ ആൻ മരിയ ബിനു, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ഹാമർ ത്രോ ഇനങ്ങളിൽ സ്വർണം നേടിയ മലയാറ്റൂർ സെന്റ് തോമസ് എച്ച്.എസ്.എസിലെ എഡ്രീന മാർട്ടിൻ എന്നിവരാണ് മറ്റ് ചാമ്പ്യന്മാർ.

സബ് ജൂനിയർ ബോയ്സിൽ 200, 400, 600 മീറ്ററുകളിൽ ഒന്നാമതെത്തിയ മാർ ബേസിലിലെ അലൻ ബൈജുവാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഏറ്രവും അധികം പോയിന്റ് നേടി വ്യക്തിഗത ചാമ്പ്യനായത്. പള്ളുരുത്തി അവർ ലേഡീസ് സി.ജി.എച്ച്.എസിലെ ത്രയ ബിനു 100, 200, 400 മീറ്ററുകളിൽ സ്വർണമണിഞ്ഞ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി.

ജൂനിയർ ആൺകുട്ടികളിൽ 13 പോയിന്റ് നേടിയ കീരംപാറ എം.എ കോളജ് സ്പോർട്സ് ഹോസ്റ്റലിലെ എച്ച്. സുജിതാണ് ചാമ്പ്യൻ. 200 മീറ്റർ, ട്രിപ്പിൾ ജംപ് എന്നിവയിൽ ഒന്നാംസ്ഥാനവും 100 മീറ്ററിൽ രണ്ടാം സ്ഥാനവുമാണ് സുജിത് നേടിയത്. സീനിയർ ബോയ്സിൽ 10 പോയിന്റ് വീതം നേടിയ മൂന്ന് താരങ്ങൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. 3000, 1500 മീറ്ററുകളിൽ സ്വർണം നേടിയ എം.എ. കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ ടി.വി. ആദിത്യൻ, 100, 200 മീറ്ററുകളിൽ ഒന്നാമതെത്തിയ മാർ ബേസിലിന്റെ മുഹമ്മദ് അലി ജൗഹർ, 400, 800 മീറ്ററുകളിൽ സ്വർണം നേടിയ മാർ ബേസിലിന്റെതന്നെ ഡാനിയൽ ഷാജി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്.

സബ് ജൂനിയർ ഗേൾസിൽ 11 പോയിന്റ് വീതം നേടിയ രണ്ട് പേർ ചാമ്പ്യൻമാരായി. 600, 300 മീറ്ററുകളിൽ സ്വർണവും ലോംഗ്ജമ്പിൽ വെങ്കലവും നേടിയ നായരമ്പലം ബി.വി.എച്ച്.എസിലെ കെ.ജെ. അമീഷ, 80 മീറ്റർ ഹർഡിൽസിൽ സ്വർണവും 600, 400 മീറ്ററുകളിൽ വെള്ളിയും നേടിയ മാർ ബേസിലിലെ റിച്ച ബിജു എന്നിവരാണ് വ്യക്തിഗത മികവ് കാട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL