കൊച്ചി: പൊരിവെയിലും പെരുമഴയും സാക്ഷി. എറണാകുളം റവന്യു ജില്ലാ കായികകിരീടം വീണ്ടും ഹൃദയത്തോട് ചേർത്ത് കോതമംഗലം ഉപജില്ല. ഇത് കിരീടത്തിൽ തുടർച്ചയായുള്ള കോതമംഗലത്തിന്റെ 23-ാം ചുംബനം. 41 സ്വർണവും 32 വെള്ളിയും 22 വെങ്കലവുമടക്കം 344 പോയിന്റ് നേടിയാണ് അപരാജിത കുതിപ്പ്. സ്‌കൂളുകളിൽ ചാമ്പ്യന്മാരായ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിന്റെ ചിറകേറിയാണ് കോതമംഗലം ഉപജില്ല കിരീടം ഉയർത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
2025ൽ 267 പോയിന്റോടെയായിരുന്നു കിരീടധാരണം. എന്നാൽ 2024ലെ മികവിനൊപ്പം എത്താനായില്ല. അന്ന് 368 പോയിന്റായിരുന്നു സമ്പാദ്യം. അങ്കമാലി ഉപജില്ലയാണ് റണ്ണറപ്പ്. 12 സ്വർണവും 13 വെള്ളിയും 12 വെങ്കലവുമടക്കം 134 പോയിന്റ്. കഴിഞ്ഞവർഷം 217 പോയിന്റ് സ്വന്തമാക്കിയായിരുന്നു രണ്ടാം സ്ഥാനം ഭദ്രമാക്കിയത്. മൂക്കന്നൂർ എസ്.എച്ച് ഓർഫനേജ് സ്‌കൂളിന്റെ കരുത്തിലാണ് ഇത്തവണയും മുന്നേറിയത്. മൂന്നാം സ്ഥാനം പെരുമ്പാവൂർ നിലനിറുത്തി. 10 സ്വർണവും 7 വെള്ളിയും 16 വെങ്കലവുമടക്കം 102 പോയിന്റ്.
എറണാകുളം (70), നോർത്ത് പറവൂർ (47), വൈപ്പിൻ (35), കോലഞ്ചേരി (34), ആലുവ (33), മട്ടാഞ്ചേരി (32), കല്ലൂർക്കാട് (15) എന്നിങ്ങനെയാണ് പത്തുവരെയുള്ള സ്ഥാനക്കാർ. മേളയിൽ ഒരേയൊരു മീറ്റ് റെക്കാഡ് മാത്രമാണ് പിറന്നത്. ജൂനിയർ ബോയ്‌സ് ഷോട്ട്പുട്ടിലായിരുന്നു മീറ്റ് റെക്കാഡ്. തേവര സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി ജൂഡ ജേക്കബ് 17 വർഷം മുമ്പ് കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ താരമായിരുന്ന ജിബിൻ റെജി സ്ഥാപിച്ച 12.47 മീറ്റർ ദൂരമാണ് മായ്ച്ചത്. 12.76 മീറ്ററാണ് പുതിയ സ്വർണദൂരം.
ഒരേയൊരു മാർ ബേസിൽ
32 സ്വർണവും 23 വെള്ളിയും 16 വെങ്കലവുമടക്കം 245 പോയിന്റ് നേടിയ മാർ ബേസിൽ എച്ച്.എസ്.എസിന് ഇത് കുതിപ്പിന്റെ മേളയാണ്. കഴിഞ്ഞ തവണ 209 പോയിന്റ് നേടിയായിരുന്നു ഓവറോൾ ചാമ്പ്യന്മാരായത്. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല ശാലേം എസ്.എച്ചാണ് റണ്ണറപ്പ്. ഏഴ് സ്വർണവും 5 വെള്ളിയും 9 വെങ്കലവുമടക്കം 59 പോയിന്റ്. അങ്കമാലി മൂക്കന്നൂർ എസ്.എച്ച്. ഓർഫനേജ് എച്ച്.എസ്.എസിനാണ് മൂന്നാം സ്ഥാനം. 2 സ്വർണം, 6 വീതം വെള്ളിയും വെങ്കലവുമോടെ 34 പോയിന്റ്. സ്‌പോർട്‌സ് ഹോസ്റ്റലുകളെ പോയിന്റ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ തുടർച്ചയായി റണ്ണറപ്പായിരുന്ന സെന്റ് സ്റ്റീഫൻസ് കീരമ്പാറ നാലാം സ്ഥാനത്തേക്ക് വീണു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |