SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.41 AM IST

പ്രതിസന്ധിയൊഴിയാതെ നിർമ്മാണ മേഖല

kettidam

തൊടുപുഴ: പാറകല്ലിന് പുറമെ എം. സാൻഡ്,​ പി.സാൻഡ് ഉത്പന്നങ്ങൾക്കുണ്ടായ വിലക്കയറ്റം കെട്ടിട നിർമ്മാണ മേഖലയെ അനുദിനം പ്രതിസന്ധിയിലാക്കുന്നു. ഇതിന് പുറമെ കനത്ത ചൂട്, തൊഴിലാളികളുടെ ലഭ്യതക്കുറവ്,​ ജലക്ഷാമം എന്നിവയും മേഖലയെ തളർത്തുന്നു. മണലിന് പകരം ഉപയോഗിക്കുന്ന എം സാൻഡ്, പി സാൻഡ് എന്നിവയ്ക്ക് ദിവസേന വില ഉയരുകയാണ്. ഒരടിക്ക് 55 മുതൽ 58 വരെയാണ് വില.മെറ്റൽ ഒരടിക്ക് 52 രൂപയാണ്. പ്ലംബിംഗ് സാമഗ്രികൾക്കും മുൻകാലങ്ങളെ അപേക്ഷിച്ച് പത്ത് ശതമാനം മുതൽ ഇരുപത് ശതമാനം വരെ വിലവർദ്ധിച്ചതോടെ കരാറെടുത്തവർ പറഞ്ഞ തുകയിൽ നിർമ്മാണം പൂർത്തിയാക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. കൂട്ടത്തിൽ സിമന്റിന് മാത്രമാണ് വില കുറവുള്ളത്. ചെറുപ്പക്കാർ വിദേശത്തേക്ക് ചേക്കേറാൻ തുടങ്ങിയതോടെ പുതിയ കെട്ടിടങ്ങൾ പണിയുന്നതിൽ കുറവ് വരുന്നതും തിരിച്ചടിയാണ്. പണിയുന്നവരാകട്ടെ ഇരുനില കെട്ടിടങ്ങൾ ഒഴിവാക്കിത്തുടങ്ങിയതും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നുണ്ട്. ഭൂ പ്രശ്നങ്ങളും നിർമ്മാണ നിരോധനവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ലയിലെ നിർമ്മാണ മേഖലയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പകുതിയോളം ക്രഷറുകളും ക്വാറികളും പ്രവർത്തനം നിറുത്തിയതോടെയാണ് സാധനങ്ങൾ കിട്ടാതായത്. ബിൽഡിംഗ് പെർമിറ്റിന്റെ ഫീസ് നിലവിലുള്ളതിനേക്കാൾ പത്ത് ശതമാനമാക്കി വർദ്ധിപ്പിച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്.

പാറക്കല്ല് ഒരു ലോഡിന് 7500- 7800 രൂപ

 അന്യസംസ്ഥാന തൊഴിലാളി ക്ഷാമം

തദ്ദേശ സ്ഥാപനങ്ങളിലെ നിർമ്മാണ ജോലികൾക്ക് പുറമെ സ്വകാര്യ മേഖലയിലെ ഫ്ളാറ്റ്, വില്ല പദ്ധതികൾ എന്നിവയും സ്തംഭിച്ച നിലയിലാണ്. മുൻ ബില്ലുകൾ പാസാക്കാത്തതിനാൽ കരാറുകാരും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. നിർമ്മാണ മേഖലയിൽ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കലുമായി ബന്ധപ്പെട്ട് മിക്കവരും നാട്ടിലേക്ക് മടങ്ങിയതും നോമ്പ്കാലം ആരംഭിച്ചതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കുന്ന ബി.പി.എൽ കുടുംബങ്ങളെയും സാധാരണക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. പദ്ധതി വഴി നൽകുന്നത് നാല് ലക്ഷമാണ്. നിർമ്മാണച്ചെലവാകട്ടെ ഇതിന്റെ ഇരട്ടിയോളവും. മേസ്തിരിമാർക്ക് 1300,​സഹായികൾക്ക് 1100 എന്നിങ്ങനെയാണ് വേതനം.

''സർക്കാരിന്റെ ഭാഗത്ത് നിന്ന് ആനുകൂല്യങ്ങൾ ഇല്ലെങ്കിൽ നിർമ്മാണ മേഖലയ്ക്കും സാധാരണക്കാർക്കും ഒരു പോലെ പ്രതിസന്ധിയാകും""

-എം.എം. മധു ( കെട്ടിട നിർമ്മാതാവ് )​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL