ബൈസൺവാലി: മേഖലയിലെ ഏലത്തോട്ടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം കർഷകർക്ക് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒച്ചുകളുടെ വ്യാപനം മൂലം വിളനാശം രൂക്ഷമായ സാഹചര്യത്തിൽ, സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും കർഷകർക്ക് അടിയന്തര നിർദേശങ്ങൾ നൽകാനുമായി കേരള കാർഷിക സർവകലാശാലാ വിദഗ്ദ്ധ സംഘം ബൈസൺവാലിയിൽ സന്ദർശനം നടത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ആത്മ പദ്ധതിയുടെ ഭാഗമായാണ് ശാസ്ത്രജ്ഞരും കൃഷി വിജ്ഞാന വ്യാപന പ്രവർത്തകരും അടങ്ങുന്ന ഉന്നതതല സംഘം സംയുക്ത ഫീൽഡ് സന്ദർശനത്തിനായി പ്രദേശത്തെത്തിയത്. കേരള കാർഷിക സർവകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. ആർ. നാരായണ നേതൃത്വം നൽകിയ സംഘം, ഒച്ച് ശല്യം ഏറ്റവും രൂക്ഷമായ തോട്ടങ്ങളിൽ വിശദമായ പരിശോധനകൾ നടത്തി. ഒച്ചുകളെ ശാസ്ത്രീയമായ രീതിയിൽ ഭക്ഷ്യക്കെണികൾ ഉപയോഗിച്ച് ആകർഷിച്ച് നശിപ്പിക്കുന്നത് എങ്ങനെയെന്ന് വിദഗ്ദ്ധ സംഘം കർഷകർക്ക് മുന്നിൽ നേരിട്ട് ചെയ്തു കാണിച്ചു കൊടുത്തു. കർഷകരുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് നടത്തിയ ഈ സന്ദർശനത്തിൽ ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ശാലമോൾ സാബു, കൃഷി ഓഫീസർ സ്മിത എസ്. കുമാർ, വാർഡ് മെമ്പർ റോയിച്ചൻ കുന്നേൽ, കൃഷി അസിസ്റ്റന്റ് ഇ.കെ. ഷിബു എന്നിവരുമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ ഒച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മേഖലയിൽ കൂടുതൽ ശക്തമാക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.
'ഏലത്തോട്ടങ്ങളിലെ ഒച്ച് ശല്യം പൂർണ്ണമായി നിയന്ത്രിക്കുന്നതിന് ഏതെങ്കിലും ഒരു കർഷകന്റെ വ്യക്തിപരമായ ഇടപെടലുകൾ മാത്രം പോര. ഒരു പ്രദേശത്തെ കർഷകർ ഒത്തുചേർന്ന് കൂട്ടായ സംയോജിത നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണം. ഒച്ചുകൾക്ക് വളരാനും പെരുകാനും അനുകൂലമായ ഈർപ്പമുള്ള സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി തോട്ടങ്ങളിലെ ജൈവമാലിന്യങ്ങളും കരിയിലകളും കൃത്യമായി നീക്കി തോട്ടശുചിത്വം പാലിക്കണം."
-പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. ആർ. നാരായണ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |