
പീരുമേട്: വാഗമണ്ണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വരാട്ടുമേട്, പാലൊഴുകുംപാറ പ്രദേശങ്ങളിൽ വൻതോതിൽ നടന്നിരുന്ന ഭൂമി കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. പ്രദേശത്തെ പത്തേക്കറോളം വരുന്ന റവന്യൂ ഭൂമിയാണ് ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചത്. പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിൽ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു നടപടി. കൈയേറ്റക്കാർ അനധികൃതമായി നിർമ്മിച്ച മതിലുകളും കെട്ടിടങ്ങളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. സ്വന്തം പട്ടയഭൂമിയോട് ചേർന്നു കിടക്കുന്ന പുറമ്പോക്ക് സ്ഥലം കൈയേറി വേലികെട്ടി തിരിച്ച് റിസോർട്ടുകൾ, കൂറ്റൻ കെട്ടിടങ്ങൾ, കൃഷി എന്നിവ നടത്തുകയുമായിരുന്നു. ഈ പ്രദേശത്ത് റവന്യൂ വകുപ്പിന്റെ കൈവശമാകെ 1087 ഏക്കർ പുറമ്പോക്ക് ഭൂമിയുണ്ട്. ഇതിൽ നൂറേക്കറിലേറെ ഭൂമി കൈയേറിയിട്ടുണ്ട്. ഇതിൽ പത്തേക്കറാണ് തിരിച്ചുപിടിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവവരാണ് കൂടുതലായി കൈയേറ്റം നടത്തിയത്. ഭൂമി കൈയേറിയവരോട് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും കാലാവധി കഴിഞ്ഞിട്ടും രേഖകൾ ഹാജരാക്കാനോ സ്ഥലം ഒഴിയാനോ തയ്യാറായിരുന്നില്ല. തുടർന്നാണ് ഇന്നലെ രാവിലെ ഉദ്യോഗസ്ഥരെത്തി ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്. റവന്യൂ സംഘം എത്തിയതോടെ ചില വസ്തു ഉടമകൾ സ്വമേധയാ വേലികളും മതിലുകളും പൊളിച്ചുമാറ്റാൻ മുന്നോട്ടുവന്നു. വാഗമണ്ണിൽ ഇനിയും നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന മുഴുവൻ റവന്യൂ ഭൂമികളും വരും ദിവസങ്ങളിൽ തിരിച്ചുപിടിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയുടെ വളർച്ച മുതലാക്കി കഴിഞ്ഞ കുറേ വർഷങ്ങളായി പ്രദേശത്ത് വൻതോതിൽ ഭൂമികൈയേറ്റം നടക്കുന്നുണ്ടെന്ന് പരാതിയുണ്ടായിരുന്നു. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം കൈയേറ്റങ്ങൾ നടക്കുന്നതെന്ന് നാട്ടുകാരും ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |