SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

വണ്ണപ്പുറം റോഡ് അടച്ചുപൂട്ടി: നാട്ടുകാർക്ക് യാത്രാദുരിതം

roadkambakakkanam

 ഗതാഗതം തടഞ്ഞത് കമ്പകക്കാനത്ത് മണ്ണിടിഞ്ഞതോടെ

തൊടുപുഴ: ആലപ്പുഴ - മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം കമ്പകക്കാനത്ത് മണ്ണിടിഞ്ഞു റോ‌‌ഡ് ഗതാഗതം തടസപ്പെട്ടതോടെ ദുരിതത്തിലായി നാട്ടുകാർ. ബസ് അടക്കമുള്ള വാഹനങ്ങളുടെ യാത്ര നിരോധിച്ചതാണ് വലിയ യാത്രാ ദുരിതമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പ്രദേശത്ത് രണ്ടിടത്താണ് മണ്ണിടിച്ചിലുണ്ടായത്. തോരാമഴയായതോടെ വാഹനനിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും മാത്രമല്ല വലിയ സ്കൂൾ ബസുകൾക്കും നിരോധനം ഏർപ്പെടുത്തിയത് വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കുന്ന അവസ്ഥയാണ്. റോഡ് അടച്ചതോടെ ഈ റൂട്ടിലുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി പൂർണമായും നിറുത്തിയിരിക്കുകയാണ്. ചുരുക്കം ചില സ്വകാര്യ ബസുകൾ മറ്റൊരു റൂട്ടിൽ കൂടി സർവീസ് നടത്തുന്നതാണ് ഏക ആശ്വാസമെങ്കിലും പ്രദേശവാസികൾക്ക് ഇക്കാര്യവും ഗുണകരമല്ല. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി യാത്രാനുമതിയുള്ളത്.

 വലിയ യാത്രാദുരിതം

പ്രദേശത്ത് മണ്ണിടിഞ്ഞ രണ്ടു സ്ഥലങ്ങളിലും ഇടതുഭാഗത്തുള്ള മൺതിട്ട ജെ.സി.ബി ഉപയോഗിച്ച് അൽപം നീക്കിയാൽ ഗതാഗതം സാദ്ധ്യമാകുമെന്ന അഭിപ്രായം നാട്ടുകാർക്കിടയിലുണ്ട്. മുകളിലെ വളവിൽ റോഡിന്റെ ഫൗണ്ടേഷൻ കെട്ടുന്നതിനായി മണ്ണ് നീക്കിയതാണ് പാതയോരം ഇടിയാൻ കാരണമായത്. മഴക്കാലത്ത് റോഡിന്റെ അറ്റക്കുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുകയെന്നത് പ്രയോഗികമല്ല. ഈ സാഹചര്യത്തിൽ സമീപത്തെ വനഭൂമിയിലെ മൺതിട്ടയിടിച്ചാൽ റോഡിന് വീതികൂട്ടി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇതിന് വനംവകുപ്പിന്റെ അനുമതി വേണം. കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ഇതിനായുള്ള നടപടിക്രമങ്ങൾക്കായി എം.എൽ.എ തലത്തിൽ ചർച്ച വേണമെന്നും എന്നാൽ ഇക്കാര്യം മെല്ലെപ്പോക്കിലാണെന്നും ആരോപണമുണ്ട്. വണ്ണപ്പുറം- മുള്ളരിങ്ങാട് കവലയിൽ നിന്ന് തിരിഞ്ഞ് കോട്ടപ്പാറ- മുള്ളരിങ്ങാട് വഴി ബസുകൾ ഹൈറേഞ്ചിലേക്ക് പോകണമെന്നാണ് നിലവിലുള്ള നിർദേശം. തിരിച്ചുള്ള റൂട്ടും ഇതുവഴിയാണ്. എന്നാൽ ഇതുവഴി ഓടാൻ കെ.എസ്.ആർ.ടി.സി ബസുകൾക്കും സ്വകാര്യബസുകൾക്കും പ്രയാസമാണ്. കൂടാതെ ദൂരവും അധികമാണ്. എത്രയും പെട്ടെന്ന് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL