വാടകവീടുകൾ നൽകാൻ പഞ്ചായത്തുകൾക്ക് നിർദേശം
ഇടുക്കി: മഴക്കെടുതിയിൽ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ഭൂമി കണ്ടെത്തും. മന്ത്രി അനൂപ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകാൻ തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മന്ത്രി നിർദേശം നൽകി. വിവിധ ക്യാമ്പുകളിലായി കഴിയുന്ന 23 കുടുംബങ്ങൾക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് റോയ് കെ. പൗലോസ് എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇവർക്ക് വാടക വീട് ലഭ്യമാക്കാൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റവർക്കും ഉറ്റവരും ഭൂമിയും നഷ്ടമായവർക്കും സഹായമെത്തിക്കാൻ ഉടൻ സർക്കാർ തലത്തിൽ പ്രഖ്യാപനമുണ്ടാകും. കലുങ്കുകളും ഓടകളും തുറന്ന് നീരൊഴുക്ക് സുഗമമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. കോട്ടയം- കുമളി റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് പരിശോധന നടത്തും. റോഡരികിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണമെന്ന് ഡീൻ കുര്യോക്കോസ് എം.പി ആവശ്യപ്പെട്ടു. ഉടൻ മുറിച്ചുമാറ്റുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൃഷിനാശം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും അറിയിച്ചു.
ഇടുക്കി ഡാമിൽ വെള്ളം കുറവാണ്. മലങ്കര ഡാമിൽ ജലനിരപ്പ് കുറയുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാട് കൂടുതൽ വെള്ളമെടുക്കുന്നത് ഗുണകരമായിരിക്കുമെന്ന് യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. ഓൺലൈനായി ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ സേനാപതി വേണു, എഫ്. രാജ, സിറിയക് തോമസ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കളക്ടർ വി.എം. ആര്യ എന്നിവർ പങ്കെടുത്തു.
117 റോഡുകൾ തകർന്നു
കനത്ത മഴയിൽ ജില്ലയിലാകെ 117 റോഡുകളാണ് തകർന്നത്. ഇതിൽ പൊതുമരാമത്ത് വകുപ്പിന്റെ 46 റോഡുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 71 റോഡുകളും ഉൾപ്പെടുന്നു. പൊതുമരാമത്ത് റോഡുകൾക്ക് ഒമ്പത് കോടിയുടെയും തദ്ദേശ വകുപ്പിന്റെ റോഡുകൾക്ക് 74 ലക്ഷം രൂപയുടെയും നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. തകർന്ന റോഡുകളുടെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും ഹൈവേകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും ഉടൻ നീക്കാനും നിർദേശം നൽകി.
മൂന്നാറിൽ സംയുക്ത പരിശോധന
മൂന്നാറിൽ ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളയിടങ്ങളിലും സംയുക്ത പരിശോധന നടത്തും. ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജിയോളജിസ്റ്റ്, പി.ഡബ്ല്യു.ഡി -ദേശീയപാത എൻജിനീയർമാർ എന്നിവരടങ്ങുന്ന സംഘം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. മൂന്നാറിലെ അപകടാവസ്ഥയിലുള്ള പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുനരുദ്ധാരണം വേഗത്തിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |