കൊച്ചി: തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫുട്ബാൾ ഫൈനൽ തത്സമയം കണ്ടു നിന്നവരോട് അതിക്രമം കാട്ടിയെന്നാരോപിച്ച് പൊലീസിന് നേരെ പ്രതിഷേധിച്ചവർക്കെതിരെ സ്വീകരിച്ച നടപടി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാതെ നിരപരാധികളായ 208 പേർക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന ഹർജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ വാക്കാലുള്ള നിർദ്ദേശം. വിശദീകരണത്തിന് പൊലീസ് സമയം തേടിയതിനെ തുടർന്നാണിത്. കരിമണ്ണൂർ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ.എസ്. റോയി, സിവിൽ പൊലീസ് ഓഫീസർ ജിജോ ആന്റണി എന്നിവർ മദ്യപിച്ചെത്തി ലൈവ് ഷോ തടസപ്പെടുത്തിയെന്നും പൊലീസ് ജീപ്പിനുള്ളിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും നിരോധിത പുകയില ഉത്പന്നങ്ങളും ചീട്ടും കണ്ടതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് സ്ഥലത്തെത്തിയ തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ ഉദ്യോഗസ്ഥരെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയരാക്കി. സംഭവത്തെക്കുറിച്ച് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയതിന് പിന്നാലെ ഇരുവരെയും ഡി.ഐ.ജി സസ്‌പെൻഡ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |