
തൊടുപുഴ: ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി റോഡ് നിർമ്മാണത്തിന്റെ ആദ്യഘട്ട കോൺക്രീറ്റ് വർക്കുകൾ പൂർത്തിയായതോടെ പാതയിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കോൺക്രീറ്റ് ഉറയ്ക്കുന്നതിനായി വനാതിർത്തിപങ്കിടുന്ന വേളൂർ ഫോറസ്റ്റ് സ്റ്റേഷനടുത്ത് വെച്ചാണ് റോഡ് ഒരാഴ്ചത്തേക്ക് അടച്ചിരിക്കുന്നത്. ഇതിനുശേഷം പ്രദേശവാസികൾക്കടക്കം തുറന്നുനൽകും. നിലവിൽ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ വേളൂർ പുഴയ്ക്ക് കുറുകെയുള്ള ചപ്പാത്തിനപ്പുറംവരെയുള്ള ഏകദേശം മൂന്നരകിലോമീറ്ററിലധികം ദൂരത്തെ കോൺക്രീറ്റ് വർക്കാണ് കഴിഞ്ഞദിവസം പൂർത്തീകരിച്ചത്. ആദ്യ പടിയായി കൈതപ്പാറവരെയുള്ള ഭാഗത്ത് റോഡിലെ കുണ്ടും കുഴിയും നിവർത്തി, അനുവദനീയമായ 3.75 മീറ്റർ വീതിയിൽ റോഡ് കോൺക്രീറ്റ് ചെയ്ത് വികസിപ്പിക്കുകയാണ് ചെയ്യുന്നത്. പി.എം.ജി.എസ്.വൈ: ഫേസ് 3 പദ്ധതി പ്രകാരമാണ് നിർമ്മാണം. നടത്തുന്നത്. നിർമ്മാണം പൂർണമായും വനംവകുപ്പ് പി.എംജി.എസ്.വൈയ്ക്ക് വിട്ട് നൽകിയിരിക്കുകയാണ്. മണിയാറൻകുടിയിൽ നിന്നും 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് രണ്ട് റീച്ചുകളിലായി 18 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്
സഞ്ചാരയോഗ്യമായ റോഡിനായി കൈതപ്പാറ, മക്കുവള്ളി, മനയത്തടം, മണിയാറംകുടി ഭാഗത്തുള്ള നൂറുകണക്കിന് കുടുംബങ്ങൾ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും മാസങ്ങൾക്ക്മുമ്പാണ് അന്തിമ തീരുമാനമായത്. പാത തെളിക്കുന്നതിന് എതിരായി വനംവകുപ്പ് നിസാര കാര്യങ്ങൾ പറഞ്ഞു പലപ്പോഴും തടസം നിന്നിരുന്നു. മുന്നണി രാഷ്ട്രീയത്തിന്റെ പേരിൽ അന്നത്തെ ഇടുക്കി - തൊടുപുഴ എം.എൽഎമാരും ഇടുക്കി എം.പിയും തമ്മിൽ ഏകോപനമില്ലാതിരുന്നതും നിർമ്മാണം വൈകുന്നതിന് ഇടയാക്കിയിരുന്നു. എന്നാൽ നിലവിൽ ഇത്തരമൊരു തടസം ഇല്ലാതായതോടെ നിർമ്മാണം പൂർത്തിയാക്കി അടുത്ത മഴക്കാലത്തിനുമുമ്പ് പാത തെളിയുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികളും നാട്ടുകാരുമെല്ലാം. ഇതിനൊപ്പം വിനോദസഞ്ചാരകേന്ദ്രമായ കീഴാർകുത്തിനെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന കോട്ടക്കവല - മലയിഞ്ചി റോഡും നന്നാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |