SignIn
Kerala Kaumudi Online
Saturday, 10 October 2026 9.25 AM IST

ധീരജ് വധക്കേസ്; വിചാരണ 17ലേക്ക് മാറ്റി

dheeraj-prathikal-final
നിഥിൻ ലൂക്കോസും ഏഴാം പ്രതി ജസിൻ ജോയിയും കോടതിയിൽ ഹാജരായപ്പോൾ

തൊടുപുഴ: ധീരജ് രാജേന്ദ്രൻ വധകേസിന്റെ വിചാരണ 17ലേക്ക് മാറ്റി. പ്രതിഭാഗം വക്കീൽ വക്കാലത്ത് ഒഴിഞ്ഞതിനെ തുടർന്നാണ് നടപടി. കേസിലെ ഒന്നാം പ്രതി എറണാകുളം ആശുപത്രിയിൽ ഐ.സി.യുവിലാണ്. മൂന്നാം പ്രതിയും ഹാജരായില്ല. കൊലക്കേസിൽ പ്രധാന പ്രതികളുടെ അഭാവത്തിൽ കേസ് വിസ്തരിക്കുന്നത് ശരിയല്ലെന്ന് പ്രതിഭാഗം വക്കീൽ കോടതിയിൽ പറഞ്ഞെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തതിനെ തുടർന്ന് കോടതി അനുമതി നൽകിയില്ല.

പ്രതികളുടെ അഭാവത്തിലും കേസ് വാദിക്കാമെന്ന് കോടതി പറഞ്ഞതോടെ വക്കാലത്ത് ഒഴിയുകയാണെന്ന് പ്രതിഭാഗം വക്കീൽ സി.കെ വിദ്യാസാഗർ കോടതിയെ അറിയിച്ചു. പുതിയ വക്കീലിനെ നിയമിക്കാൻ പ്രതികൾ 30 ദിവസം ആവശ്യപ്പെട്ടെങ്കിലും ഒക്ടോബർ 17 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 17ന്‌കേസ് പരിഗണിച്ച് വിചാരണ ഷെഡ്യൂൾ ചെയ്യും. അതേസമയം വിചാരണ വൈകിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി പ്രോസിക്യൂട്ടർ അഡ്വ. പ്രിയദർശൻ തമ്പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 14 സാക്ഷികളെയാണ് ഈ ദിവസങ്ങളിൽ വിസ്തരിക്കുക.

ബുധനാഴ്ച ജാമ്യം റദ്ധാക്കപെട്ട മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ ഇന്നലെയും കോടതിയിൽ ഹാജരായില്ല. ടോണിയെ കോടതിയിൽ ഹാജരാക്കാൻ ഇയാളുടെ ജാമ്യക്കാർ വക്കീൽ മുഖേന കൂടുതൽ സമയം ആവശ്യപ്പെട്ടു. ഒന്നാം പ്രതി നിഖിൽ പൈലി അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്നതിനാൽ ഹാജരായില്ല. എട്ടാം പ്രതി അലൻ ബേബിയും കോടതിൽ ഹാജരായില്ല. ബാക്കി അഞ്ച് പ്രതികളും കോടതിയിൽ ഹാജരായി.

എട്ട് പ്രതികൾ

2022 ജനുവരി 10ന് ഇടുക്കി എൻജിനീയറിംഗ് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെയാണ് ധീരജ് കൊല ചെയ്യപ്പെട്ടത്. പ്രവർത്തകരായ അഭിജിത് ടി സുനിൽ, എ.എസ് അമൽ എന്നിവർക്കും കുത്തേറ്റിരുന്നു. 2022 ഏപ്രിൽ രണ്ടിനാണ് പൊലീസ് 600 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 160ലധികം സാക്ഷികളുമുണ്ട്. പ്രധാന പ്രതിയായ നിഖിൽപൈലി,​ ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്, സോയ്‌മോൻ സണ്ണി, ജസിൻ ജോയി, അലൻ ബേബി എന്നിവരാണ് കേസിലെ 8 പ്രതികൾ. കേസിൽ പുനരന്വേഷണത്തിന് നീക്കം നടക്കുന്നതിനൊപ്പം സുപ്രീം കോടതിയെ സമീപിച്ചും പുനരന്വേഷണ വിധി സമ്പാദിക്കാനുള്ള ശ്രമവും പ്രതിഭാഗം നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, DHEERAJ MURDER CASE, CRIMENEWS, LATESTNEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY