SignIn
Kerala Kaumudi Online
Sunday, 31 May 2026 12.49 AM IST

ഇരുപത്തിയഞ്ചാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ തിരുമുടികളുയർന്നു; ശ്രീ രാമവില്യത്ത് ഭക്തർക്ക് ഭഗവതിമാരുടെ ദർശനപുണ്യം

തൃക്കരിപ്പൂർ: സമയം രാവിലെ 11. പെരുങ്കളിയാട്ടത്തിന്റെ സമാപനദിനത്തിൽ മണ്ണു വീഴാൻ ഇടമില്ലാതെ തിങ്ങിനിറഞ്ഞ പുരുഷാരം നിറഞ്ഞ ശ്രീരാമവില്യം കഴകം. തകിലിന്റെയും ചെണ്ടയുടെയും കലശമേന്തിയെത്തിയവരുടെ ആരവത്തിനിടയിലേക്ക് അർദ്ധനാരീ സങ്കൽപ്പമാർന്ന പടക്കത്തി ഭഗവതിയമ്മ നാൽപ്പത്തീരടി ഉയരമുള്ള ആകാശംതൊടുന്ന ചുവപ്പും കറുപ്പും മഞ്ഞയും കലർന്ന തിരുമുടിയുമായി ഇറങ്ങുമ്പോൾ ഇരുപത്തിയഞ്ചാണ്ടിന്റെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. തുളുവീരരെ തോൽപ്പിച്ചെടുത്ത തുളുമീശയും തുളുത്താടിയും മൂക്കിന് മുകളിൽ ഉയർന്ന് നിൽക്കുന്ന ഐരാവതത്തിന്റെ തുമ്പിക്കൈയുമായി വീരരൗദ്രഭാവം നിറഞ്ഞ കണ്ണുകളോടെ രണദേവതയായ ദേവിയുടെ അലൗകികരൂപത്തിന് മുന്നിൽ കൈക്കൂപ്പി നിൽക്കുകയായിരുന്നു ശ്രീരാമവില്യം കഴകം ഇന്നലെ.

പ്രധാന ആരാധനാമൂർത്തിയായ പടക്കത്തി ഭഗവതിയുടെ പുറപ്പാടിന് തൊട്ടുപിന്നാലെ ചങ്ങാതിയായ ആര്യക്കര ഭഗവതിയുടെ നാൽപ്പത്തീരടി മുടിയും നിവർന്നു. ഇരുഭഗവതിമാരും കഴകപ്രദക്ഷിണം പൂർത്തിയാക്കി മ‍ഞ്ഞൾപ്രസാദവും മധുരമൊഴിയുമേകി അർദ്ധരാത്രിയോളം ഭക്തരിൽ അനുഗ്രഹം ചൊരിയുകയായിരുന്നു.

ഭഗവതിമാരെ കൺനിറയെ കാണാനും അനുഗ്രഹമേൽക്കാനും നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തർ കഴകത്തിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞ മാസം 24ന് വരച്ചു വച്ചതുമുതൽ കഴകത്തിൽ പ്രത്യേകമായി ഒരുക്കിയ കുച്ചിലിൽ വ്രതം നോറ്റും പെരുങ്കളിയാട്ട ചടങ്ങുകൾ തുടങ്ങിയതിന് പിന്നാലെ ഉച്ചത്തോറ്റവും അന്തിത്തോറ്റവും കൊടിയില തോറ്റവും പൂർത്തിയാക്കിയും ആത്മവിശുദ്ധിയുടെ പൂർണതയിലേക്ക് എത്തിയ തെക്കുംകര കർണമൂർത്തി ബാബുവും പ്രതീഷ് മണക്കാടനുമാണ് യഥാക്രമം പടക്കത്തി ഭഗവതിയമ്മയുടെയും ആര്യക്കര ഭഗവതിയുടെയും തിരുമുടികളേന്തി ഭക്തർക്ക് അനുഗ്രഹവർഷമേകിയത്. ഭഗവതിമാരുടെ പ്രതിപുരുഷന്മാരടക്കമുള്ള നൂറിലധികം വരുന്ന സ്ഥാനികരുടേയും 105 ഓളം വരുന്ന മംഗലംകുഞ്ഞുങ്ങളുടെയും വാല്യക്കാരുടെയും പൂക്കളും കുരുത്തോലയും കൊണ്ട് അലങ്കരിച്ച പൂർണ്ണ കലശങ്ങളുടെയും ചെറുകലശങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഭഗവതിമാർ ക്ഷേത്രപ്രദക്ഷിണം തുടങ്ങിയത്.

ഭഗവതിമാരുടെ തിരുമുടി ഉയർന്നതിന് പിന്നാലെ മഴയെത്തിയതും പുണ്യമുഹൂർത്തമായി.ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസം പകർന്നായിരുന്നു മഴയുടെ അനുഗ്രഹവർഷം. നടക്കാവ് ,പയ്യന്നൂർ ഭാഗങ്ങളിൽ കനത്ത മഴ രാമവില്യത്ത് ഭക്തരെ മടുപ്പിക്കാത്ത തരത്തിലായിരുന്നു പെയ്തത്.രാത്രി എട്ട് മണിയോടെ മഴയ്ക്കൊപ്പം കാറ്റുമുണ്ടായെങ്കിലും രാത്രി വൈകിയും ദേവീമാരെ ദർശിക്കുന്നതിനായുള്ള ആളുകളുടെ നിര പുറത്തോളം നീണ്ടുകിടക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, PERUNKALIYATTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL