SignIn
Kerala Kaumudi Online
Monday, 27 July 2026 4.33 PM IST

കാര്യാട്ട്പുറം- നരവൂർ റോഡ് പാടേ തകർന്നു യാത്ര പാടാണ്

road
തകർന്ന കാര്യാട്ട്പുറം- നരവൂർ റോഡ്

ചെറുവാഞ്ചേരി: കാര്യാട്ട്പുറം- നരവൂർ റോഡിൽ ടാർ ഇളകി കരിങ്കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നു. വലിയ കുഴികളും റോഡിലുണ്ട്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ വീണ് അപകടങ്ങളുണ്ടാകുന്നു. വർഷങ്ങളായി തുടരുന്ന അവസ്ഥയാണിത്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.

റോഡിൽ ചിലയിടങ്ങളിൽ കാൽനടപോലും സാദ്ധ്യമല്ലാതായെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥികളും തൊഴിലാളികളുമടക്കം ഒട്ടേറെ യാത്രക്കാർ ദുരിതം അനുഭവിക്കുന്നുണ്ട്. മിക്കവാറും സ്ഥലങ്ങളിലും ടാർ ഇളകിമാറിയിട്ടുണ്ട്. ചിലയിടങ്ങളിൽ ചെറിയ കരിങ്കല്ലുകൾ നിറഞ്ഞിരിക്കുകയാണ്.

കാര്യാട്ടുപുറം ടൗൺ മുതൽ ഒരു കിലോമീറ്ററോളം ദൂരം റോഡിൽ ഭൂരിഭാഗവും ചെറിയ കുഴികളാണ്. ചിലഭാഗത്ത് ടാറിളകി കരിങ്കല്ലുകൾ ഇളകിക്കിടക്കുന്നത് കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു.

ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയ ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പ്രയാസം. ഓട്ടോറിക്ഷയ്ക്ക് എഞ്ചിൻ തകരാറുകൾ സംഭവിക്കുന്നത് പതിവാണ്. യാത്രാദുരിതം ഉടൻ പരിഹരിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെക്കേണ്ടിവരുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.

മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാൽ നിർമ്മിച്ചതിലും അപാകമുണ്ടെന്ന പരാതിയുണ്ട്. കൊളത്തുപറമ്പ് ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം കാര്യാട്ടുപുറം ടൗണിലെ ഓവുചാലിലൂടെ നരവൂർ റോഡിൽ എത്തുകയാണ്. ഇവിടെ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളോ ഓവുപാലമോ നിർമ്മിച്ചിട്ടില്ല. അതിനാൽ മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് റോഡ് തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്.

നവീകരണം പറയുന്നു, പക്ഷേ എത്തിയില്ല

പാട്യം പഞ്ചായത്തിലും കൂത്തുപറമ്പ് നഗരസഭയിലും ഉൾപ്പെടുന്ന പ്രദേശത്തുകൂടെയാണ് റോഡ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നവീകരണത്തിനായി തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത്തവണത്തെ പുതിയ ബഡ്ജറ്റിൽ കൂത്തുപറമ്പ് നഗരസഭയിലെ പൂക്കോട് മുതൽ പാട്യം പഞ്ചായത്തിലെ കാര്യാട്ടുപുറംവരെയുള്ള പത്തലായി കുഞ്ഞിക്കണ്ണൻ റോഡിന് രണ്ടുകോടി അനുവദിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ റോഡിൽ ഇനി അറ്റകുറ്റപ്പണി നടത്താൻ കഴിയുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

കാര്യാട്ട്പുറം- നരവൂർ റോഡിൽ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ ഓടാൻ മടിക്കുകയാണ്. ഇതിലൂടെ ഓടുക ഇവർക്ക് നഷ്ടമാകുമെന്നത് തന്നെ കാരണം. ഇക്കാര്യത്തിൽ അധികൃതർ ശ്രദ്ധിക്കുന്നതേ ഇല്ല.

രമേശൻ, ചെറുവാഞ്ചേരി

പുതിയ ബഡ്ജറ്റിൽ കൂത്തുപറമ്പ് നഗരസഭ രണ്ട് കോടി അനുവദിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL