കണ്ണൂർ: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകർച്ച വ്യാധികൾ പകരുന്നതു തടയാൻ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ മിക്ക ഹോട്ടലുകളും സുരക്ഷിതമെന്നു കണ്ടെത്തൽ. കർശന പരിശോധനയായ 'ഓപ്പറേഷൻ മൺസൂണി'ൽ പ്രശ്‌നങ്ങൾ കണ്ടെത്തിയത് ജില്ലയിലെ 10 ശതമാനം ഹോട്ടലുകളിൽ മാത്രം.
ജൂൺ മാസത്തിൽ 870 ഹോട്ടലുകളിൽ പരിശോധന നടത്തിയപ്പോൾ പൂട്ട് വീണത് ആകെ മൂന്ന് ഹോട്ടലുകൾക്ക് മാത്രം. പ്രശ്നങ്ങൾ കണ്ടെത്തിയ 89 ഹോട്ടലുകളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരം ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ഹോട്ടലുകൾ, തട്ടുകടകൾ, ജ്യൂസ് പാർലറുകൾ എന്നിവിടങ്ങളാണ് പരിശോധിച്ചത്.
ഓരോ ഹോട്ടലുകളും നിർബന്ധമായും പാലിക്കേണ്ട ശുചിത്വസുരക്ഷാ മാനദണ്ഡങ്ങൾ ജില്ലയിലെ ചില സ്ഥാപനങ്ങൾ പാലിക്കപ്പെടാത്തതായി പരിശോധനയിൽ വ്യക്തമായി. പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിക്കുന്ന പാത്രങ്ങൾ യഥാസമയം ശുചീകരിക്കാതെയും പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങൾ ഇല്ലാതെയുമാണ് ചിലവ പ്രവർത്തിക്കുന്നത്.
നാട്ടിലെ ചില ഹോട്ടലുകൾ ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിലായിരുന്നു പാചകം ചെയ്യുന്നത്. പാകം ചെയ്യുന്ന സാഹചര്യം അതീവ വൃത്തിഹീനമായ നിലയിലായിരുന്നതോടൊപ്പം ചിലയിടങ്ങളിൽ ഈച്ചശല്യവും രൂക്ഷമാകുന്നുണ്ട്. ഇതിനെതിരെ നടപടി കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മഴക്കാലത്ത് പകർച്ചവ്യാധികൾ വർദ്ധിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ മൺസൂൺ, ഓപ്പറേഷൻ ഷിഗല്ല എന്നീ പേരുകളിൽ പരിശോധനകൾ കർശനമാക്കിയത്.
പരിശോധന സ്ക്വാഡുകളായി തിരിഞ്ഞ്
മഴക്കാലത്തെ പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ ജില്ലയിലെ ഹോട്ടലുകളിലെ ഭക്ഷണം, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങൾ, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന രീതി എന്നിവയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധിച്ച് നടപടികൾ സ്വീകരിച്ചത്. 12 ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സ്‌ക്വാഡായാണ് ഹോട്ടലുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ജില്ലയിലെ 90 ശതമാനം ഹോട്ടലുകളും സുരക്ഷിതമെന്ന് കണ്ടെത്തി.
പരിശോധിച്ച സ്ഥാപനങ്ങൾ 870
പ്രവർത്തനം റദ്ദാക്കിയത് 3
പിഴ അടപ്പിച്ചത് 89
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |