SignIn
Kerala Kaumudi Online
Thursday, 16 July 2026 1.30 PM IST

മത്സ്യ മാർക്കറ്റ് നവീകരണവും റോഡ് വികസനവും നീളുന്നു വീർപ്പുമുട്ടി പിലാത്തറ ടൗൺ

ph-1
പിലാത്തറ ടൗണിലെ റോഡരികിലെ മത്സ്യമാക്കറ്റുകളിലൊന്ന്

പിലാത്തറ: പിലാത്തറ മത്സ്യ മാർക്കറ്റ് നവീകരണവും റോഡ് വികസനവും നീണ്ടു പോകുന്നതോടെ വീർപ്പുമുട്ടി പിലാത്തറ ടൗൺ. ആധുനികരീതിയിലുള്ള മത്സ്യ മാർക്കറ്റിന്റെ നിർമ്മാണത്തിനാണ് നിലവിലുണ്ടായിരുന്ന മാർക്കറ്റ് അടച്ചുപൂട്ടിയത്. ഇതിന്റെ പണിയാണ് മന്ദഗതിയിൽ പോകുന്നത്. മാസങ്ങൾക്കുമുമ്പ് തുടങ്ങിയ മലിനജല ടാങ്കിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. കെട്ടിടത്തിന്റെ പണി കൂടി പൂർത്തിയായാൽ മാത്രമേ തുറന്നുകൊടുക്കാനാവൂ. ഇതോടെ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പുതിയ മത്സ്യഷെഡുകൾ റോഡരികിൽ വന്നുകൊണ്ടിരിക്കുന്നതായി മറ്റ് വ്യാപാരികൾ പറഞ്ഞു. മത്സ്യമാർക്കറ്റിന്റെയും പാതയുടെയും പണി പൂർത്തിയാകാൻ മാസങ്ങളോ വർഷമോ കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണ്. അതുവരെ റോഡരികുകൾ മത്സ്യ മാർക്കറ്റായി മാറ്റുന്നതിന് പകരം പുതിയ സ്ഥലം കണ്ടെത്തി മത്സ്യവിൽപന താത്ക്കാലികമായെങ്കിലും അങ്ങോട്ട് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒപ്പം നഗര, റോഡ് വികസനത്തിന്റെ പ്രവൃത്തിയും ഒരുഭാഗത്ത് നടക്കുന്നുണ്ട്. നേരത്തെ സൗകര്യപ്രദമായ ബസ് സ്റ്റാൻഡുണ്ടായിരുന്നത് ദേശീയപാത വികസനത്തോടെ ചുരുങ്ങി. നിലവിൽ പിലാത്തറ -മാതമംഗലം റോഡ് ഉൾപ്പെടെ പല ഭാഗങ്ങളിലും വെട്ടിക്കീറിയിട്ട് മാസങ്ങളായി. പിലാത്തറ ടൗണിലെ റോഡ് വീതി കൂട്ടി ഡ്രൈനേജ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്.ഇതിന്റെ ഭാഗമായി പിലാത്തറ ടൗണിലെ മാതമംഗലത്തേക്കുള്ളറോഡിന്റെ നടുവിൽ ഡ്രൈനേജിനായി മാസങ്ങളായി റോഡ് ഭാഗികമായി അടച്ചിരിക്കുകയാണ്. വാഹനങ്ങൾക്ക് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ കടന്നു പോകുമ്പോൾ ഒരു ഭാഗത്ത് ഗതാഗതം സ്തംഭിക്കും.


13 കോടിയുടെ പദ്ധതി

പിലാത്തറ മുതൽ ചന്തപ്പുര വരെ 6 കോടി

ചന്തപ്പുര മുതൽ മാതമംഗലം വരെ 5 കോടി

പിലാത്തറ ടൗൺ സൗന്ദര്യവൽക്കരണം 2 കോടി

(നവകേരള സദസിൽ ഉൾപ്പെടുത്തി)

നടക്കുന്നത് ആദ്യഘട്ടം

ചന്തപ്പുര മുതൽ മാതമംഗലം വരെയുള്ള ആദ്യഘട്ട റോഡ് പ്രവൃത്തിക്കാണ് തുടക്കമായത്. പിലാത്തറ മുതൽ മാതമംഗലം വരെ നിലവിലുള്ള റോഡ് അത്യാവശ്യമായ സ്ഥലങ്ങളിൽ അടിത്തറ ശക്തിപ്പെടുത്തി 5.50 മീറ്ററിൽ നിന്നും ഏഴ് മീറ്റർ വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യുവാനും കൾവർട്ടുകൾ, ഡ്രൈനേജ് എന്നിവ പുതുക്കിപ്പണിയുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ക്രോസ് ഡ്രൈനേജും ഡ്രൈനേജും ആധുനിക രീതിയിലുള്ള റോഡ് സുരക്ഷ സംവിധാനങ്ങളും ഏർപ്പെടുത്താനാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പദ്ധതി ഉദ്ഘാടനം കഴിഞ്ഞത്.

പിലാത്തറയിൽ നിന്നും മാതമംഗലത്തേക്കുള്ള റോഡ് നിറയെ കുഴികളാണ്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. മഴ കൂടി ആരംഭിച്ചതോടെ ഇരുചക്ര വാഹനങ്ങളുടെ യാത്ര ദുസ്സഹമാണ്.വലിയ കുഴികളാണ് റോഡ് നിറയെ. ഏതാനും ചില കുഴികൾ മാത്രം താത്ക്കാലികമായി അടച്ചെങ്കിലും ബാക്കിയുള്ള വലിയ തോതിൽ അപകട ഭീഷണി ഉയർത്തുന്നു.

ശ്രീജിത്ത്, മാതമംഗലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL