ശ്രീകണ്ഠപുരം: നഗരസഭാ പരിധിയിൽ നിടിയേങ്ങ കക്കണ്ണൻപാറ കലാഗ്രാമത്തിനു സമീപം പുതിയതായി തുടങ്ങിയ ചെങ്കൽ ഖനനത്തിനെതിരെ സമരം നടത്തിയ പ്രദേശവാസികളായ 20 ഓളം പേരെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് അനധികൃത ചെങ്കൽഖനനം നടത്തുന്നുവെന്നാരോപിച്ചാണ് സമീപത്തുള്ള തോപ്പിലായി പട്ടികവർഗ്ഗ ഉന്നതിയിലെ വീട്ടമ്മമാരടക്കമുള്ള ആളുകൾ സമരത്തിനെത്തിയത്. ചെങ്കൽ ഖനനം പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
എന്നാൽ എല്ലാവിധ അനുമതിയോടും കൂടിയാണ് ഖനനം നടത്തുന്നതെന്ന് ക്വാറി ഉടമകൾ പറയുന്നു. രണ്ടു വർഷം മുമ്പ് തുടങ്ങിയിരുന്ന ഖനനം ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തുകയും തുടർന്ന് ഹൈക്കോടതിയിൽ നിന്നും പൊലീസ് സംരക്ഷണാനുമതി വാങ്ങിയാണ് വീണ്ടും ഖനനം ആരംഭിച്ചത്. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ എം.വി. വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |