SignIn
Kerala Kaumudi Online
Sunday, 09 August 2026 9.57 AM IST

പഴശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നു, 5 വീടുകൾ വെള്ളത്തിൽ മുങ്ങി

kanal
തകർന്ന പഴശ്ശി കനാൽ റോഡ്

നിരവധി വീടുകളിൽ വെള്ളം കയറി

10 വീട്ടുകാരെ മാറ്റി താമസിപ്പിച്ചു
റോഡും വീട്ടുമതിലും തകർന്നു

കൃഷിയിടങ്ങളും നശിച്ചു

മട്ടന്നൂർ: കാര പേരാവൂർ തെളുപ്പിൽ പഴശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നു. നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

മട്ടന്നൂർ കുഞ്ഞിപ്പള്ളി വളയാൽ റോഡിൽ തെളുപ്പിലാണ് കനാൽ തകർന്നു വീടുകളിലേക്ക് വെള്ളം കുത്തിയൊഴുകിയത്. 10 വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. അഞ്ച് വീടുകളും വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. കനാൽ പരിസരത്തെ സി. ഉത്തമൻ, സി, മധു, സി. പ്രശാന്തൻ, സി. കാഞ്ചന, കെ. ഖാദർ എന്നിവരുടെ വീടുകളാണ് മുഴുവനായും വെള്ളത്തിൽ മുങ്ങിയത്. വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്ന് അഗ്നിരക്ഷാവിഭാഗം, കീഴല്ലൂർ പഞ്ചായത്ത് അധികൃതർ, നാട്ടുകാർ, പൊലീസ്, വില്ലേജ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.

ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം കുത്തിയൊഴുകിയതിനാലാണ് വൻ നാശനഷ്ടമുണ്ടായത്. ഉത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും വെള്ളത്തിൽ മുങ്ങി. വീട്ടുപകരണങ്ങളും എല്ലാം നശിച്ചു. ഖാദറിന്റെ വീടിന്റെ ചുറ്റുമതിൽ തകർന്നതിനാൽ കല്ലും മണ്ണും വെള്ളവും അടക്കം വീടിനുള്ളിലും മുറ്റത്തും കെട്ടിക്കിടക്കുകയാണ്. കെ. അബ്ദുൾ റഹ്മാന്റെ വീട്ടുമതിലും തകർന്നു.

കനാലിന്റെ ഒരു ഭാഗമാണ് തകർന്നത്. വെള്ളം കലുങ്കിലൂടെയും മറ്റും കുത്തിയൊഴുകിയതോടെയാണ് വീടുകളിലേക്ക് വെള്ളം കയറിയത്. മട്ടന്നൂർ കുഞ്ഞിപ്പള്ളി വളയാൽ റോഡിന്റെ ഒരു ഭാഗം തകർന്നതിനാൽ ഗതാഗതം തടസപ്പെട്ടു. വെള്ളം ഒഴുകി കൃഷിയിടങ്ങളും നശിച്ചു. വീട്ടുകാർ ഉറങ്ങാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് നാട്ടുകാരടക്കം രക്ഷാപ്രവർത്തനത്തിനിറങ്ങി.

മട്ടന്നൂർ നിയോജകമണ്ഡലം എം.എൽ.എ വി.കെ സനോജ്, നഗരസഭ ചെയർമാൻ എൻ. ഷാജിത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

തകർന്ന പഴശ്ശി കനാൽ റോഡ്

വീടുകളിൽ വെള്ളം കയറിയ നിലയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MAZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL